‘യുപിഎ കാലത്ത് സൈന്യം മൂന്നുവട്ടം മിന്നലാക്രമണം നടത്തി; അതേക്കുറിച്ച് മോദി കേട്ടിട്ടുണ്ടോ; തൊഴിലില്ലായ്മ മറച്ചുവെയ്ക്കാനാണ് സര്‍ജിക്കല്‍ ആക്രമണത്തെ മോദി രാഷ്ട്രീനേട്ടമായി ആഘോഷിക്കുന്നത്’

single-img
1 December 2018

മന്‍മോഹന്‍ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ മൂന്ന് സര്‍ജിക്കല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നുവെന്ന് രാഹുല്‍ ഗാന്ധി. അതിനെക്കുറിച്ച് പ്രധാനമന്ത്രി കേട്ടിട്ടുണ്ടോയെന്നും രാഹുല്‍ഗാന്ധി ചോദിച്ചു. രാജസ്ഥാനിലെ ഉദയ്പുരില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടത്.

മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് സൈന്യത്തിന്റെ ആവശ്യപ്രകാരമാണ് മിന്നലാക്രമണം നടത്തിയത്. പാകിസ്താന് തിരിച്ചടി നല്‍കണമെന്നും അക്കാര്യം രഹസ്യമായിരിക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു. അതനുസരിച്ചാണ് കാര്യങ്ങള്‍ നടന്നത്. എന്നാല്‍ മോദി സൈന്യത്തിന്റെ അധികാരത്തിലേക്ക് കടന്നുകയറുകയും മിന്നലാക്രമണത്തിന് രൂപംകൊടുക്കുകയുമായിരുന്നു.

സൈന്യം നടത്തിയ മിന്നലാക്രമണത്തെ മോദി രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കുകയും ചെയ്തു- രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാ അറിവുകളും തന്നില്‍നിന്നാണ് വരുന്നതെന്നാണ് മോദി കരുതുന്നത്. സൈനിക രംഗത്തെക്കുറിച്ച് സൈന്യത്തേക്കാള്‍ നന്നായി തനിക്കറിയാമെന്ന് മോദി കരുതുന്നു.

അതുപോലെ വിദേശകാര്യത്തെക്കുറിച്ച് വിദേശകാര്യ മന്ത്രിയേക്കാള്‍ തനിക്കറിവുണ്ടെന്നും കൃഷിമന്ത്രിയേക്കാള്‍ കൂടുതല്‍ കാര്‍ഷിക മേഖലയെക്കുറിച്ച് അറിവുണ്ടെന്നുമാണ് മോദിയുടെ ധാരണ. ഒരു ഹിന്ദുവാണെന്ന് പറയുന്നുണ്ടെങ്കിലും മോദിക്ക് ഹിന്ദുമതത്തെക്കുറിച്ച് ഒന്നും അറിയില്ല. എന്തുതരം ഹിന്ദുവാണ് അദ്ദേഹം? രാഹുല്‍ ഗാന്ധി ചോദിച്ചു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തിന്റെ നിഷ്‌ക്രിയ ആസ്തി രണ്ട് ലക്ഷം കോടിയായിരുന്നെങ്കില്‍ മോദി സര്‍ക്കാരിന്റെ കാലത്ത് അത് 12 ലക്ഷം കോടിയായി ഉയര്‍ന്നു. ശരിയായ സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നതങ്കില്‍ അടുത്ത 15-20 വര്‍ഷങ്ങള്‍ക്കൊണ്ട് ഇന്ത്യയ്ക്ക് ചൈനയെ മറികടക്കാനാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ ബാങ്കിംഗ് സംവിധാനങ്ങള്‍ വ്യവസായികള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. നോട്ട് നിരോധനവും ജിഎസ്ടിയും ഈ സര്‍ക്കാര്‍ കൊണ്ടുവന്നു. എന്നാല്‍ രണ്ടും ഇപ്പോഴും ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. അത് വന്‍കിട കമ്പനികള്‍ക്ക് വാതില്‍ തുറന്നു കൊടുക്കാന്‍ വേണ്ടിയുള്ള അഴിമതിയായിരുന്നു. സാധാരണക്കാരെ പിന്തുണച്ചിരുന്ന സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ജിഎസ്ടി, നോട്ടുനിരോധനം എന്നിവ ചേര്‍ന്ന തകര്‍ത്തത്- രാഹുല്‍ ഗാന്ധി പറഞ്ഞു.