‘ഗുജറാത്ത് കലാപക്കേസില്‍ മോദിയേയും അമിത് ഷായേയും വെള്ളപൂശാനുള്ള ഇടപെടല്‍ നടത്തി; ഡിജിപി നിയമനം അതിനുള്ള പ്രത്യുപകാരം’: ലോക്‌നാഥ് ബെഹ്‌റക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
1 December 2018

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയേയും ബി.ജെ.പി നേതാവ് അമിത് ഷായേയും വെള്ളപൂശാനുള്ള ഇടപെടല്‍ ലോക്‌നാഥ് ബെഹ്‌റ നടത്തിയെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം.

സംസ്ഥാനത്തെ ഡിജിപി നിയമനം ഇതിന് പ്രത്യുപകാരമാണെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. ഡി.ജി.പിയാക്കാന്‍ പിണറായിയോട് നിര്‍ദേശിച്ചത് നരേന്ദ്രമോദിയാണെന്നും അദ്ദേഹം പറഞ്ഞു. ഫയലുകള്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കേ താന്‍ നേരിട്ട് കണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.

യൂത്ത് ലീഗ് പരിപാടിക്കിടെയാണ് മുല്ലപ്പള്ളിയുടെ ആരോപണം. ‘അഞ്ച് വര്‍ഷക്കാലം ഞാന്‍ ആഭ്യന്തരവകുപ്പിന്റെ സഹമന്ത്രിയായിരുന്നു. ആ സന്ദര്‍ഭത്തില്‍ ഈ രാജ്യത്തെ ഉത്തരവാദിത്തപ്പെട്ട ഒരുപാടൊരുപാട് ഫയലുകള്‍ കാണാന്‍ എനിക്ക് സന്ദര്‍ഭമുണ്ടായിട്ടുണ്ട്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുകൊണ്ട് അന്ന് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ ഉദ്യോഗസ്ഥന്മാരിലൊരാളായിരുന്നു നമ്മുടെ ബെഹ്‌റ എന്നു പറഞ്ഞ ഇന്നത്തെ ഡി.ജി.പിയെന്ന കാര്യമോര്‍ക്കണം. ആ മനുഷ്യന്‍ നരേന്ദ്രമോദിയേയും അമിത് ഷായേയും വെള്ളപൂശാന്‍ വേണ്ടി അന്ന് അദ്ദേഹം തയ്യാറാക്കിയ റിപ്പോര്‍ട്ട് ഞങ്ങള്‍ക്കൊക്കെ തന്നെ വിസ്മയമുളവാക്കിയ റിപ്പോര്‍ട്ടാണ് എന്നുമാത്രം പറഞ്ഞുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

അതിന്റെ പ്രത്യുപകാരമെന്ന തോതില്‍ നരേന്ദ്രമോദി തന്റെ പ്രിയപ്പെട്ട പുതിയ കൂട്ടുകാരന്‍ ശ്രീമാന്‍ പിണറായി വിജയനോട് ഈ ഫയലിലാദ്യം ഒപ്പുവെക്കണമെന്നു പറഞ്ഞപ്പോള്‍ അക്ഷരം പ്രതിയാവാക്കുകള്‍ ശിരസ്സാവഹിച്ചുകൊണ്ടാണ് അദ്ദേഹം ആ ഫയലില്‍ ഒപ്പുവെച്ചത്.’ എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.

ഇസ്രത്ത് ജഹാന്‍ കേസില്‍ നടത്തിയ അന്വേഷണത്തെക്കുറിച്ച് ബെഹ്‌റ വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എന്‍ഐഎയില്‍ നിന്ന് അവധിയെടുത്തോയെന്ന് വ്യക്തമാക്കണം. അവധിയെടുത്തെങ്കില്‍ എന്തിനെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം പറഞ്ഞു.