മുസ്ലീം സുഹൃത്തിന് വൃക്ക നല്‍കുന്നത് തടഞ്ഞ് കുടുംബവും ആശുപത്രി അധികൃതരും: നിയമ പോരാട്ടത്തിനൊരുങ്ങി പെണ്‍കുട്ടി

single-img
1 December 2018

ഉറ്റസുഹൃത്തിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായ യുവതിക്ക് മുന്നില്‍ എതിര്‍പ്പുയര്‍ത്തി കുടുംബവും ആശുപത്രി അധികൃതരും. ഇരുപത്തിരണ്ടുകാരിയായ സമ്രീന്‍ അക്തറിന്റെ വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്നാണ് ഉറ്റസുഹൃത്തായ മന്‍ജോത് സിങ് കോഹ്‌ലി വൃക്ക നല്‍കാന്‍ തയ്യാറായെത്തിയത്. എന്നാല്‍ കുടുംബം അവളെ എതിര്‍ക്കുകയായിരുന്നു.

കശ്മീരിലെ ഉദ്ദംപൂറില്‍ നിന്നുളള സിഖ് കുടുംബത്തില്‍ പെട്ടയാളാണ് ഇരുപത്തിമൂന്ന് കാരിയായ മണ്‍ജോത് സിങ്. മാതാപിതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ കശ്മീരിലെ ആശുപത്രി അധികൃതരും ശസ്ത്രക്രിയയ്ക്ക് തയ്യാറായില്ല. എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനാണ് മന്‍ജോതിന്റെ തീരുമാനം. നിലവില്‍ ഷെര്‍–ഇ–കശ്മീര്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ്(സ്‌കിംസ്) സമ്രീന്‍ ഉള്ളത്.

”കഴിഞ്ഞ നാലുവര്‍ഷമായി സുഹൃത്തുക്കളാണ് ഞങ്ങള്‍. വൈകാരികമായി നല്ല അടുപ്പമുള്ള രണ്ട് സുഹൃത്തുക്കള്‍. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ട് തന്നെയാണ് വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചത്, മന്‍ജോത് പറയുന്നു.

”അസുഖമുള്ള വിവരം സമ്രീന്‍ എന്നോട് പറഞ്ഞിരുന്നില്ല. മറ്റൊരു സുഹൃത്ത് വഴിയാണ് ഞാനിത് അറിയുന്നത്. എന്റെ മോശം സമയങ്ങളില്‍ എനിക്കൊപ്പം നിന്ന്, എന്നെ പിന്തുണച്ച സുഹൃത്താണ് അവള്‍. അവള്‍ക്കൊരാവശ്യം വരുമ്പോള്‍ ഒപ്പമുണ്ടാകുക എന്നത് എന്റെ കടമയാണ്’

ആശുപത്രി അധികൃതരുടെ സമീപനം ഇങ്ങനെയാകുന്നതില്‍ വിഷമമുണ്ടെന്ന് മന്‍ജോത് പറയുന്നു. ”അനാവശ്യകാരണങ്ങള്‍ പറഞ്ഞ് തടസ്സങ്ങളുണ്ടാക്കുകയാണ് ആശുപത്രി. അവയവദാനത്തിന് അനുമതി നല്‍കേണ്ട സമിതിയുടെ അംഗീകാരം ലഭിച്ചിട്ടും ഡോക്ടര്‍മാരും മാനേജ്‌മെന്റും തടസ്സങ്ങള്‍ പറയുന്നുവെന്ന് മന്‍ജോത് പറഞ്ഞു. അതേസമയം, കമ്മിറ്റി ഇതിനെ കുറിച്ച് പരിശോധിക്കുകയാണെന്നും തീരുമാനം വൈകാതെ എടുക്കുമെന്നും ഡോക്ടര്‍ ഒമര്‍ ഷാ പറഞ്ഞു.