ശബരിമലയില്‍ അസൗകര്യങ്ങളില്ല; രമേശ് ചെന്നിത്തലയ്ക്ക് നേരിട്ടെത്തി പരിശോധിക്കാം: കടകംപളളി സുരേന്ദ്രന്‍

single-img
1 December 2018

ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ കുറവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുമായി സംസാരിച്ചു. പ്രായമായവര്‍, ചെറിയ കുഞ്ഞുങ്ങള്‍ എന്നിവരോടു വരെ സംസാരിച്ചു. ഈ തീര്‍ഥാടന കാലത്ത് ഒരാളുപോലും ശബരിമലയില്‍ പരാതി ഉന്നയിച്ചിട്ടില്ല.

എന്നോടൊപ്പം ശബരിമല സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ക്ഷണിക്കുകയാണ്, കടകംപള്ളി പറഞ്ഞു. പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. ശബരമലയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്.

ശബരിമല രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്നും പ്രതിപക്ഷം ഓടി ഒളിക്കുന്നു. പ്രളയം കാരണം വലിയ ദുരിതമാണ് സംസ്ഥാനം അഭിമുഖീകരിക്കേണ്ടി വന്നത്. അതില്‍ നിന്ന് കരകയറാന്‍ സമയം ആവശ്യമാണെന്നും പമ്പയുള്‍പ്പെടെ ശബരിമലയിലെ സമീപപ്രദേശങ്ങള്‍ പ്രളയത്തെ തുടര്‍ന്ന് വലിയ പ്രതിസന്ധിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.