മധ്യപ്രദേശില്‍ ഇവിഎം മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്ര്‌ടോംഗ് റൂമില്‍ സിസിടിവി പ്രവര്‍ത്തനം നിലച്ചു; പ്രധാനകവാടത്തിന്റെ സീല്‍ തകര്‍ത്ത നിലയില്‍

single-img
1 December 2018

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശില്‍ ഇവിഎം മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോംഗ് റൂമില്‍ അട്ടിമറി നടന്നെന്ന് റിപ്പോര്‍ട്ടുകള്‍. ഇ.വി.എം സൂക്ഷിച്ച സ്‌ട്രോംഗ് റൂമില്‍ വെള്ളിയാഴ്ച ഒന്നരമണിക്കൂര്‍ വൈദ്യുതി ബന്ധം തകരാറിലായി. വൈദ്യുതി നിലച്ചതോടെ സി.സി.ടി.വികളും പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

പരാതി ഉയര്‍ന്നതോടെ സ്ഥലത്തെത്തി പരിശോധിച്ച കളക്ടര്‍ വൈദ്യുതി ബന്ധം തകരാറിലായിരുന്നതായും സി.സി.ടി.വി പ്രവര്‍ത്തനരഹിതമായിരുന്നെന്നും സ്ഥിരീകരിച്ചു. എന്നാല്‍ കവാടത്തിലെ സീല്‍ തകര്‍ത്ത സംഭവം അടിസ്ഥാനരഹിതമാണെന്ന് കളക്ടര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് സമയം അവസാനിച്ച് ഉടന്‍ ഇവിഎം മെഷീനുകള്‍ സ്ര്‌ടോംഗ് റൂമില്‍ സൂക്ഷിക്കണമെന്ന വ്യവസ്ഥയുള്ളപ്പോള്‍ ഇത് ലംഘിച്ച് ഭോപ്പാലിലെ സാഗറില്‍ പോളിംഗ് കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ ഇ.വി.എമ്മുമായി സ്‌ട്രോംഗ് റൂമിലെത്തിയതെന്നും ആക്ഷേപമുണ്ട്.

ഭോപ്പാലില്‍ ഇ.വി.എം സൂക്ഷിച്ചിരിക്കുന്ന കെട്ടിടത്തിന്റെ പ്രധാനകവാടം പൂട്ടി സീല്‍ വെച്ചിരുന്നു. എന്നാല്‍ ഇവിടെ സീല്‍ തകര്‍ത്ത നിലയിലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അതേസമയം കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി ഗോവിന്ദ് സിംഗ് രാജ്പുതിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ധര്‍ണ്ണ നടത്തി. സംഭവത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു.

‘സ്‌ട്രോംഗ് റൂമിന് പുറത്തുള്ള എല്‍.ഇ.ഡി ടി.വികള്‍ പ്രവര്‍ത്തിച്ചില്ലെന്നും ഖുരൈ മണ്ഡലത്തിലെ പോളിംഗ് ഓഫീസര്‍മാര്‍ 50 ഇ.വി.എമ്മുകള്‍ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറിന് ശേഷമാണ് കൊണ്ടുവന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ഇക്കുറി കോണ്‍ഗ്രസുമായി ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. പല അഭിപ്രായ സര്‍വ്വെകളും കോണ്‍ഗ്രസിന് അനുകൂലമായി ഫലം പ്രവചിച്ചിരുന്നു.