അതിശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് ഗവേഷകര്‍

single-img
1 December 2018

ഹിമാലയത്തില്‍ വന്‍ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് പഠനം. റിക്ടര്‍ സ്‌കെയില്‍ 8.5ഉം അതിന് മുകളിലോ തീവ്രത രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടാവുമെന്നാണ് പഠനം. ഉത്തരാഖണ്ഡ് മുതല്‍ പശ്ചിമ നേപ്പാള്‍ വരെയുള്ള മേഖലയിലാണ് ഭൂകമ്പ ഭീഷണി നിലനില്‍ക്കുന്നത്.

ബംഗളൂരുവിലെ ജവഹര്‍ലാന്‍ നെഹ്‌റു സെന്റര്‍ ഫോര്‍ സയിന്റിഫിക് റിസേര്‍ച്ചിലെ ശാസ്ത്രജ്ഞനായ സി.പി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. 1415 നൂറ്റാണ്ടുകളില്‍ സമാനമായൊരു ഭൂകമ്പം മേഖലയില്‍ ഉണ്ടായതായും പഠനത്തില്‍ വ്യക്തമാക്കുന്നു.

നേപ്പാളില്‍ സ്ഥിതിചെയ്യുന്ന മോഹന ഖോല, നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ചോര്‍ഗാലിയ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പുതിയ പഠനം നടന്നത്. ജിയോളജിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവിലുള്ള പഠന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം പുതിയ റിപ്പോര്‍ട്ടുകള്‍ കൂടി ചേര്‍ത്തുവെച്ച് നടത്തിയ പഠനത്തിലാണ് ഭൂകമ്പത്തിന്റെ സാധ്യത കൂടുതല്‍ വ്യക്തമായത്.

അവസാനം ഇവിടെയുണ്ടായ ഭൂകമ്പത്തിനു ശേഷം 600-700 വര്‍ഷമായി ഇന്ത്യയുടെ അതിര്‍ത്തി മേഖലയും പടിഞ്ഞാറന്‍ നേപ്പാളും അടങ്ങുന്ന പ്രദേശത്ത് മറ്റൊരു ഭൂകമ്പത്തിനുള്ള സാധ്യത രൂപപ്പെടുകയായിരുന്നെന്ന് ഗവേഷകര്‍ കരുതുന്നു. ഈ മേഖലയില്‍ ഭൗമാന്തര്‍ഭാഗത്ത് കടുത്ത സമ്മര്‍ദം രൂപപ്പെട്ടിട്ടുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രവചിക്കപ്പെട്ടിരിക്കുന്ന വിധത്തില്‍ ഒരു ഭൂകമ്പമുണ്ടായാല്‍ അത് വലിയ വിപത്താണ് ഉണ്ടാക്കുകയെന്ന് ഗവേഷകനായ രാജേന്ദ്രന്‍ പറയുന്നു. മേഖലയില്‍ വര്‍ധിച്ചുവരുന്ന ജനസംഖ്യയും നിര്‍മാണങ്ങളും അപകടത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കും. മാത്രമല്ല, ഇത്തരമൊരു ഭൂകമ്പത്തെ നേരിടുന്നതിന് തക്കതായ തയ്യാറെടുപ്പുകള്‍ ഇല്ലെന്നതും സ്ഥിതി രൂക്ഷമാക്കുമെന്നും രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ കണ്ടെത്തലുകളെ സാധൂകരിക്കുന്ന പഠനങ്ങള്‍ ഇന്ത്യയില്‍ത്തന്നെ വേറെയും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഗവേഷകരുടെ കണ്ടെത്തലുകളെ അമേരിക്കയിലെ കൊളറാഡോ സര്‍വകലാശാലയിലെ ഭൂഭൗതിക ശാസ്ത്രജ്ഞനായ റോജര്‍ ബില്‍ഹാം പിന്തുണയ്ക്കുന്നു. 8.5 മേല്‍ തീവ്രതയുള്ള ഭൂകമ്പം ഈ മേഖലയില്‍ ഉണ്ടാകാമെന്ന നിഗമനം വസ്തുതാപരമാണെന്ന് വര്‍ഷങ്ങളായി ഹിമാലയന്‍ മേഖലയിലെ ഭൂകമ്പ മേഖലകളെക്കുറിച്ച് പഠിക്കുന്ന റോജര്‍ പറയുന്നു.