ശബരിമലയില്‍ സമരം ശക്തമാക്കുന്നതിന് അമിത് ഷാ കേരളത്തിലേക്ക്

single-img
1 December 2018

കോഴിക്കോട്: ശബരിമലയിലെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുന്നു. ഇതിന് മുന്നോടിയായി സരോജ് പാണ്ഡെ അടക്കമുള്ള ദേശീയ നേതാക്കളുടെ സംഘം ഇന്ന് എത്തും. ഡിസംബര്‍ 15ന് മുമ്പായി അമിത് ഷായും സംഘവും കേരളത്തിലെത്തുമെന്നാണ് സൂചന.

ശബരിമലയില്‍ ബി.ജെ.പി നയിച്ച സമരവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ രൂപപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് ദേശീയ അദ്ധ്യക്ഷനും സംഘവും കേരളത്തിലെത്തുന്നത്. സമരത്തില്‍നിന്ന് ബിജെപി പിന്നോട്ടു പോകുന്നതായി പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് സമരം ശക്തമാക്കാനും സെക്രട്ടറിയേറ്റിനു മുന്നില്‍ ബിജെപി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍ നിരാഹാര സമരം ആരംഭിക്കാനും തീരുമാനിച്ചിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പിനിടയാക്കുകയും ചെയ്തിരുന്നു. നിലയ്ക്കല്‍ കേന്ദ്രീകരിച്ചുള്ള സമരത്തിന്റെ വേദി സെക്രട്ടറിയേറ്റിലേക്ക് മാറ്റുന്നത് സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം സംസ്ഥാന നേതാക്കള്‍ അടക്കമുള്ള നേതാക്കള്‍ നിലയ്ക്കലിലെത്തി നിരോധനാജ്ഞ ലംഘിക്കാനും ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ സമരം ശക്തമാക്കാനും എല്ലാ മന്ത്രിമാരെയും തെരുവില്‍ തടയാനും കരിങ്കൊടി പ്രതിഷേധം അടക്കമുള്ള പ്രതിഷേധം നടത്താനും തീരുമാനിച്ചിട്ടുണ്ട്.