ഉമിനീരിലൂടെ ഭര്‍ത്താവ് എയ്ഡ്‌സ് പരത്തി: ഗുരുതര ആരോപണവുമായി യുവതി

single-img
1 December 2018

ഉമിനീരിലൂടെ ഭര്‍ത്താവ് എയ്ഡ്‌സ് പരത്തിയെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. ഹോമിയോപ്പതി ഡോക്ടറായ ഭര്‍ത്താവിനെതിരെ പൂനെ സ്വദേശിയായ 27 കാരിയായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. വിവാഹമോചനം നേടാന്‍ വേണ്ടിയുള്ള ആസൂത്രിത ശ്രമമായിരുന്നു ഇതെന്നും യുവതി ആരോപിക്കുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഗ്ലോബല്‍ ആശുപത്രിയില്‍ ഹോമിയോപ്പതി ഡോക്ടറായ ഭര്‍ത്താവും യുവതിയും 2015ലാണ് വിവാഹിതരായത്. അന്നുമുതല്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ യുവതിക്ക് മറ്റെന്തോ അസുഖം ബാധിച്ചു. ആ സമയം ഭര്‍ത്താവായ ഡോക്ടര്‍ വീട്ടില്‍വെച്ച് മരുന്നിനൊപ്പം എയ്ഡ്‌സ് രോഗാണുക്കള്‍ കലര്‍ന്ന ഉമിനിര്‍ കലര്‍ത്തി നല്‍കിയെന്നാണ് യുവതി പറയുന്നത്. ഈ വര്‍ഷം ഫെബ്രുവരില്‍ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

പരിശോധനയില്‍ യുവതിക്ക് എച്ച്‌ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഇതോടെ വിവാഹമോചനം വേണമെന്ന നിലപാടിലാണ് ഭര്‍ത്താവ്. എന്നാല്‍ എല്ലാം ചെയ്തത് ഭര്‍ത്താവാണെന്ന് ഭാര്യ ആരോപിക്കുന്നു. ‘സ്വകാര്യ ലാബില്‍ നടന്ന എച്ച്‌ഐവി പരിശോധനക്ക് പിന്നാലെ ഭര്‍ത്താവിനും ഭാര്യക്കും എയ്ഡ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഗവേഷണകേന്ദ്രത്തില്‍ നടത്തിയ പരിശോധനിയില്‍ ഭാര്യയില്‍ മാത്രമെ എച്ച്‌ഐവി സ്ഥിരീകരിച്ചിട്ടുള്ളൂ’, പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വൈദ്യപരിശോധനകളും വിദഗ്ധരുടെ സേവനവും പൊലീസ് തേടും. സെക്ഷന്‍ 498(എ), സെക്ഷന്‍ 323,504,506,34 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ നിലവില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തിട്ടില്ല.