പതിനേഴുകാരനെ ‘വിവാഹം’ കഴിച്ച ഇരുപത്തിരണ്ടുകാരിയെ ബാലലൈംഗിക പീഡനത്തിന് അറസ്റ്റുചെയ്തു

single-img
1 December 2018

പതിനേഴു വയസ്സുകാരനെ ‘വിവാഹം’ കഴിച്ച ഇരുപത്തിരണ്ടുകാരിയെ അറസ്റ്റുചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. മുംബൈയിലാണ് സംഭവം. ‘വരന്റെ’ അമ്മയുടെ പരാതിയിലാണ് നടപടി.

തന്റെ മകനെ വശീകരിച്ചുകൊണ്ടുപോയി എന്നുകാണിച്ച് കൗമാരക്കാരന്റെ അമ്മയാണ് പോലീസിനെ സമീപിച്ചത്. 2017 നവംബര്‍ എട്ടിന് യുവതി തന്റെ മകനെ വിവാഹം കഴിച്ചുവെന്ന് ഇവര്‍ പറയുന്നു. പിന്നീട് മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം തന്റെ വീട്ടിലേക്ക് യുവതി വന്നുവെന്നും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

ബന്ധത്തെ താനും ഭര്‍ത്താവും എതിര്‍ത്തപ്പോള്‍ അവള്‍ തങ്ങളെ ഭീഷണിപ്പെടുത്തി. പിന്നീട് അവള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. വൈകാതെ തന്റെ മകനും വീടുവിട്ടു. പിന്നീട് മകന്‍ തിരിച്ചുവന്നിട്ടില്ലെന്നും അമ്മ പറയുന്നു. മകന്റെ ഭാര്യയായി വന്ന യുവതി മുന്‍പ് രണ്ടു തവണ വിവാഹം കഴിക്കുകയും ബന്ധം ഉപേക്ഷിക്കുകയും ചെയ്തയാളാണെന്നും ഇവര്‍ പറയുന്നു.

രണ്ടു വര്‍ഷം മുന്‍പാണ് യുവതിയുമായി മകന്‍ ബന്ധം സ്ഥാപിച്ചത്. വൈകാതെ അവന്റെ സ്വഭാവത്തിലും മാറ്റങ്ങള്‍ പ്രകടമായിരുന്നു. ബന്ധം അവസാനിപ്പിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായി മകന്‍ തന്നോടും ഭര്‍ത്താവിനോടും പറഞ്ഞിരുന്നുവെന്നും അമ്മ പറയുന്നു.

രണ്ടു തവണ യുവതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇവരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മകന് പഠനത്തില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്നും പത്താം ക്ലാസില്‍ അവന്‍ പരാജയപ്പെട്ടുവെന്നും അമ്മ ചൂണ്ടിക്കാട്ടി. അതേസമയം ഭര്‍ത്താവ് സ്വമനസ്സാലെയാണ് കൂടെ താമസിക്കുന്നതെന്നും ഈ ബന്ധത്തില്‍ മകളുണ്ടെന്നും യുവതി പറയുന്നു. ഇക്കാര്യം കാണിച്ച് ഇവര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ബൈക്കുള ജയിലില്‍ കഴിയുന്ന യുവതിക്കൊപ്പമാണ് ഇപ്പോള്‍ കുട്ടിയുള്ളത്.