കെ. സുരേന്ദ്രന്‍ ഇനിയും ജയിലില്‍ തന്നെ കിടക്കണം; ജാമ്യാപേക്ഷ തള്ളി: പിണറായി വിജയന്‍ പകപോക്കുകയാണെന്ന് സുരേന്ദ്രന്‍

single-img
30 November 2018

ശബരിമലയില്‍ ചിത്തിര ആട്ടവിശേഷദിവസം അമ്പത്തിരണ്ടുകാരിയായ തീര്‍ഥാടകയെ ആക്രമിച്ച കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

വധശ്രമക്കേസില്‍ പ്രതി ചേര്‍ത്തതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നാണ് കോടതിയുടെ നിലപാട്. കേസില്‍ പ്രതിയായ മറ്റ് നാല് പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. തൃശൂര്‍ സ്വദേശിനിയെ തടഞ്ഞ സംഭവത്തിലെ ഗൂഢാലോചനയില്‍ സുരേന്ദ്രനു പങ്കുണ്ടെന്നതായിരുന്നു കേസ്.

സൂരജുമായി സുരേന്ദ്രന്‍ സംസാരിച്ചെന്നതിന് പൊലീസ് തെളിവ് നല്‍കി. സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയതിന് തെളിവായി പോലീസ് ഹാജരാക്കിയത്. നേരത്തേ റാന്നി കോടതിയും ഇതേ കേസില്‍ സുരേന്ദ്രന് ജാമ്യം നിഷേധിച്ചിരുന്നു.

ഇനി ഹൈക്കോടതിയെ സമീപിക്കുകയാണ് സുരേന്ദ്രന് മുന്നിലുള്ള വഴി. അതേസമയം, 2013ല്‍ യു.പി.എ സര്‍ക്കാരിന്റെ ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ ട്രെയിന്‍ തടയാന്‍ ശ്രമിച്ചതിന് കെ.സുരേന്ദ്രന് കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാനാവില്ല.

പിണറായി വിജയന്‍ പകപോക്കുകയാണെന്ന് കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ക്രൂരമായാണ് പെരുമാറുന്നതെന്നും എല്ലാപൗരാവകാശങ്ങളും ലംഘിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതിനിടെ സുരേന്ദ്രനെ ബിജെപി നേതൃത്വം പിന്തുണയ്ക്കുന്നില്ല എന്ന തര്‍ക്കത്തിനിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ എത്തിയിരുന്നു.