ബഹളത്തില്‍ മുങ്ങി നിയമസഭ; ഇന്ന് സമ്മേളിച്ചത് വെറും 21 മിനിറ്റ്: സ്പീക്കറുടേത് ഏകാധിപത്യ നടപടിയെന്ന് രമേശ് ചെന്നിത്തല

single-img
30 November 2018

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ചോദ്യോത്തരവേള ഇന്നും റദ്ദാക്കി. ശ്രദ്ധക്ഷണിക്കല്‍, സബ്മിഷന്‍ എന്നിവ വെട്ടിച്ചുരുക്കി. സഭ 21 മിനിറ്റിനുള്ളില്‍ പിരിഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സഭ ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ പിരിയുന്നത്.

ചോദ്യോത്തരവേള റദ്ദാക്കി അടിയന്തര പ്രമേയം പരിഗണിക്കണമെന്നും അതല്ലങ്കില്‍ ചോദ്യോത്തരവേളയ്ക്ക് ശേഷം ആദ്യം പരിഗണിക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് സ്പീക്കര്‍ തയ്യാറായില്ല. ഒരേ വിഷയം വീണ്ടും പരിഗണിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ ചോദ്യോത്തരവേള റദ്ദാക്കി. ബഹളം വീണ്ടും തുടര്‍ന്നതോടെയാണ് സഭ ഇന്നത്തേക്ക് പിരിയാന്‍ സ്പീക്കര്‍ തീരുമാനിച്ചത്. ഇത് മൂന്നാം ദിവസമാണ് ശബരിമലവിഷയം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം നിയമസഭാ നടപടികള്‍ നടസപ്പെടുത്തുന്നത്.

പ്രതിപക്ഷ നേതാവ് ശബരിമല വിഷയം ഉന്നയിച്ചപ്പോള്‍ എട്ട് മണിക്കൂര്‍ സമയം ശബരിമലയ്ക്കായി വിനിയോഗിച്ചതാണെന്നും ഇനിയും സമയം അനുവദിക്കാന്‍ കഴിയില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിന് കേന്ദ്രം കൂലിചോദിച്ചതടക്കം അടിയന്തര പ്രധാന്യമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനുണ്ടെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ പ്രതിപക്ഷാംഗങ്ങള്‍ സ്പീക്കറുടെ ഡയസിനടുത്തേക്ക് പ്രതിഷേധവുമായി നീങ്ങി. ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ ചോദ്യത്തര വേള റദ്ദാക്കി സഭ പിരിച്ചുവിടുകയായിരുന്നു. സ്പീക്കറുടെ കാഴ്ച്ച മറച്ചാണ് പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നത്. ഇതോടെ പ്രതിപക്ഷം അതിരുകടക്കുകയാണെന്ന് സ്പീക്കര്‍ പറഞ്ഞു.

അതേസമയം നിയമസഭയില്‍ സ്പീക്കറുടെ ഏകാധിപത്യപരമായ നടപടികള്‍ അംഗീകരിക്കാനാകില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം മാന്യതയുടെ പരിധി ലംഘിക്കുകയാണെന്നാണു പറയുന്നത്. സ്പീക്കര്‍ ആത്മപരിശോധന നടത്തണം. ഞങ്ങളാരും സ്പീക്കറുടെ കസേര തള്ളിത്താഴെയിട്ടിട്ടില്ല.

ഡാന്‍സ് കളിച്ചിട്ടില്ല. മുഖ്യമന്ത്രി പറയുന്നതിനപ്പുറത്തേക്ക് സ്പീക്കര്‍ പോകില്ലെന്നു പറയുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കറാണു പ്രതിപക്ഷത്തെ സംരക്ഷിക്കേണ്ടത്. പ്രതിപക്ഷം ഒളിച്ചോടിയെന്നാണു ദേവസ്വം മന്ത്രി സഭയില്‍ പറഞ്ഞത്. എവിടെയാണു ഞങ്ങള്‍ ഒളിച്ചോടിയത്. ഈ സര്‍ക്കാരിനു ഭയമാണ്. ഭക്തരെ ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം അറിയും എന്നാണു ഭയം. പ്രതിപക്ഷത്തിന്റെ ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിക്കുന്ന ഒന്നും അംഗീകരിക്കില്ല.

ആരുടെയും ഔദാര്യം വേണ്ട. അവകാശങ്ങള്‍ നിഷേധിച്ചതോടെയാണു സഭയില്‍ പ്രതിഷേധിച്ചത്. സ്പീക്കര്‍ പ്രതിപക്ഷത്തിനു നീതി നല്‍കാന്‍ തയാറാകണം. സബ്മിഷന്‍ തരാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. എല്ലാം കഴിഞ്ഞപ്പോഴായിരുന്നു ഇത്. ഞങ്ങള്‍ കേട്ടിട്ടില്ല. ശബരിമലയില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ രഹസ്യ അജന്‍ഡ ഉണ്ടാക്കിയിരിക്കുകയാണ്. സമരം സെക്രട്ടേറിയറ്റിലേക്കു മാറ്റിയതിന് ബിജെപിയെ അഭിനന്ദിക്കാന്‍ മുഖ്യമന്ത്രി തയാറായി. സമരം നടത്തുന്നതിനുള്ള ആര്‍ജവം യുഡിഎഫിനുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഉപദേശം ആവശ്യമില്ല.

ശബരിമലയിലെ ബിജെപി സമരം സിപിഎം അനുഗ്രഹത്തോടെയാണ്. ഇതിനു സര്‍ക്കാര്‍ ഒത്താശ നല്‍കുകയാണ്. സന്നിധാനത്തെ സമരകേന്ദ്രമാക്കാന്‍ യുഡിഎഫിനു താല്‍പര്യമില്ലാത്തതിനാലാണ് അങ്ങോട്ടു പോകാതിരുന്നതെന്നും പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു.