ശബരിമല റിവ്യൂ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സമരം ചെയ്തിട്ട് എന്ത് കാര്യം; ബി.ജെ.പിയുടേത് രാഷ്ട്രീയസമരമാണ്; സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ ഒത്തു തീര്‍പ്പിന് വരാമെന്നും ഒ. രാജഗോപാല്‍

single-img
30 November 2018

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനമല്ല ഇപ്പോള്‍ നടക്കുന്ന ബിജെപിയുടെ പ്രക്ഷോഭത്തിന്റെ വിഷയമെന്ന് ഒ. രാജഗോപാല്‍ എം.എല്‍എ. ശബരിമലയിലെ പോലീസ് നടപടിയും അടിസ്ഥാന സൗകര്യപ്രശ്‌നങ്ങളുമാണ് സമര വിഷയങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.

ശബരിമലയില്‍ സമരം ചെയ്യാന്‍ പാടില്ലെന്നത് ബിജെപിയുടെ ആദ്യം മുതലുള്ള നിലപാടായിരുന്നു. കാരണം തീര്‍ത്ഥാടനത്തിന് എത്തുന്ന സ്ഥലമാണ് ശബരിമല. അവര്‍ക്ക് അത് അസൗകര്യങ്ങളുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റിവ്യു ഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സമരം ചെയ്തിട്ട് കാര്യമെന്തെന്നും അദ്ദേഹം ചോദിച്ചു.

സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്നത് ബിജെപിയുടെ രാഷ്ട്രീയ സമരമാണെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ സമരം വ്യാപിപ്പിക്കുന്നതിനാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയത്. സെക്രട്ടറിയേറ്റ് സമരം ഒത്തുതീര്‍പ്പല്ലെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.

സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ ഒത്തുതീര്‍പ്പ് പരിഗണിക്കാമെന്നും ഒ. രാജഗോപാല്‍ പറഞ്ഞു. ശബരിമലയുടെ പേരില്‍ നിയമസഭ അലങ്കോലപ്പെടുത്തരുത്. നിയമസഭയില്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ ധാരാളം സമയമുണ്ടെന്നും സഭ തടസ്സപ്പെടുത്തുന്ന യുഡിഎഫ് ശൈലി താന്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയും സമാന പ്രതികരണം നടത്തിയിരുന്നു.