പണമെല്ലാം അംബാനിക്ക്; കര്‍ഷകര്‍ക്കു കിട്ടുന്നതു ശൂന്യമായ പ്രസംഗം മാത്രം: മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

single-img
30 November 2018

അനര്‍ഹമായി രാജ്യത്തെ വ്യവസായികള്‍ക്ക് ചെയ്തുകൊടുത്ത സഹായം കര്‍ഷകര്‍ക്കും നല്‍കണമെന്ന് ഡല്‍ഹിയിലെ കര്‍ഷക റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കര്‍ഷകര്‍ എന്തെങ്കിലും സമ്മാനത്തിന് വേണ്ടിയല്ല വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ പ്രധാനമായും 2 വെല്ലുവിളികളാണു നേരിടുന്നത്; കര്‍ഷകരുടെ നിരാശയേറിയ ഭാവിയും തൊഴിലില്ലാത്ത യുവാക്കളും. 15 വ്യവസായികളുടെ കടം എഴുതിത്തള്ളാന്‍ മോദി കാണിച്ച മനസ്സ് കര്‍ഷകര്‍ക്കു നേരെയും ഉണ്ടാകണം. കര്‍ഷകര്‍ അവരുടെ അവകാശങ്ങളാണു ചോദിക്കുന്നത്.

ഉല്‍പന്നങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കണം. കര്‍ഷകരുടെ അധ്വാനത്തിനു പ്രതിഫലം കിട്ടണം. പക്ഷേ, എല്ലാ പണവും അനില്‍ അംബാനിയുടെ കീശയിലേക്കാണു പോകുന്നത്. കര്‍ഷകര്‍ക്ക് ഒന്നും കിട്ടാന്‍ പോകുന്നില്ല, ശൂന്യമായ പ്രസംഗങ്ങളല്ലാതെ,–മോദിയെ ലക്ഷ്യമിട്ടു രാഹുല്‍ പറഞ്ഞു.

സമര വേദിയിലെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു. കര്‍ഷകരോടു കേന്ദ്രം ചിറ്റമ്മ നയം സ്വീകരിക്കുന്നത് അദ്ഭുതകരമാണെന്നു കേജ്‌രിവാള്‍ പറഞ്ഞു. കര്‍ഷകര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ബീമ യോജന തട്ടിപ്പാണ്.

കര്‍ഷകരുടെ അക്കൗണ്ടില്‍നിന്നു ആയിരക്കണക്കിനു കോടി രൂപയാണ് എടുക്കുന്നത്. എന്നാല്‍ വിള നശിക്കുമ്പോള്‍ വേണ്ടത്ര സഹായം കൊടുക്കുന്നുമില്ല. ഇത് ബീമ യോജനയല്ല, ബിജെപിയുടെ തീവെട്ടിക്കൊള്ള പദ്ധതിയാണെന്നും കേജ്‌രിവാള്‍ തുറന്നടിച്ചു.