തലയോട്ടിയേന്തി നഗ്‌നരായി കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച്: മൊബൈല്‍ ടോയ്‌ലറ്റുമായി ഡല്‍ഹി സര്‍ക്കാര്‍; ഭക്ഷണവുമായി വിദ്യാര്‍ത്ഥികള്‍; മോദിസര്‍ക്കാര്‍ പ്രതിരോധത്തില്‍

single-img
30 November 2018

മോദി സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങളെ തുടര്‍ന്ന് തകര്‍ച്ചയിലായ കാര്‍ഷികമേഖലയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹിയിലേക്ക് കര്‍ഷകരുടെ പടുകൂറ്റന്‍ റാലി. മഹാരാഷ്ട്ര സര്‍ക്കാരിനെ പിടിച്ചുലച്ച കര്‍ഷക റാലിക്ക് സമാനമായി പ്രതിഷേധ മാര്‍ച്ചില്‍ ഒരു ലക്ഷത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്നുണ്ട്.

അഖിലേന്ത്യ കിസാന്‍ കോഓര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തിലാണ് വമ്പന്‍ റാലി സംഘടിപ്പിച്ചത്. 208 സംഘടനകളുടെ കൂട്ടായ്മയാണിത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് ന്യായവില ഏര്‍പ്പെടുത്തുക, മാസം 5,000 രൂപ പെന്‍ഷന്‍ നല്‍കുക എന്നിവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍.

കടബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത രണ്ടു കര്‍ഷകരുടെ തലയോട്ടികളുമായാണ് തമിഴ്‌നാട്ടില്‍ നിന്ന് 1,200ഓളം പേര്‍ ഡല്‍ഹിയിലെത്തിയിരിക്കുന്നത്. ഇവരില്‍ ചിലര്‍ നഗ്‌നരായി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. തമിഴ്‌നാട്ടിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാണ, കേരളം എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും കര്‍ഷകര്‍ എത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ പിന്തുണയുമായി സമരവേദിയിത്തും. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുന്നതിന്റെ ഭാഗമായാണ് രണ്ടുദിവസത്തെ കര്‍ഷകമാര്‍ച്ച്. ഡല്‍ഹിയിലെ നിസാമുദീന്‍, ബിജ്വാസന്‍, സബ്ജി മണ്ഡി, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളില്‍നിന്നാണ് പദയാത്രകള്‍ എത്തിയത്.

തലസ്ഥാന നഗരിയില്‍ പലയിടങ്ങളിലും ഗതാഗതം സ്തംഭിപ്പിച്ചു കൊണ്ടാണ് പദയാത്ര. കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്‌ളെ, ജോയന്റ് സെക്രട്ടറി വിജു കൃഷ്ണന്‍, ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സാമൂഹികപ്രവര്‍ത്തകരായ മേധാ പട്കര്‍, അരുണ റോയ് തുടങ്ങിയവര്‍ വിവിധ പദയാത്രകള്‍ക്ക് നേതൃത്വം നല്‍കി. ജെ.എന്‍.യു, ഡല്‍ഹി സര്‍വകലാശാല എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ഐക്യദാര്‍ഢ്യവുമായി എത്തി.

സി.പി.എം. കര്‍ഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ, യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ എന്നിവയാണ് കര്‍ഷകറാലി നയിക്കുന്ന പ്രധാന സംഘടനകള്‍. പാര്‍ലമെന്റ് മാര്‍ച്ചില്‍ പത്രപ്രവര്‍ത്തകന്‍ പി. സായ്‌നാഥ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കനത്ത സുരക്ഷാവലയത്തിലാണ് ഡല്‍ഹി. ആയിരത്തിലേറെ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

കര്‍ഷകര്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ മൊബൈല്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റിലാണ് മൊബൈല്‍ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കര്‍ഷകരെ സഹായിക്കാന്‍ ആവശ്യമായ സന്നദ്ധപ്രവര്‍ത്തകരുമായി ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും രംഗത്തുണ്ട്.

#KisanMuktiRally

Posted by All India Kisan Sabha on Thursday, November 29, 2018