പെട്രോള്‍ വില എട്ട് മാസത്തെ താഴ്ന്ന നിലയില്‍: കുറഞ്ഞത് 10 രൂപ; ഡീസലിന് 7.50 രൂപയും കുറഞ്ഞു

single-img
30 November 2018

തിരുവനന്തപുരം: പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 38 പൈസയും ഡീസലിന് 43 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ആറ് ആഴ്ചയായി പെട്രോള്‍ വില തുടര്‍ച്ചയായി കുറഞ്ഞതോടെ കഴിഞ്ഞ ഏപ്രില്‍ മുതലുണ്ടായ വിലക്കയറ്റത്തിനു മുന്‍പുള്ള നിലവാരത്തിലേക്ക് പെട്രോള്‍ വിലയെത്തി.

പെട്രോളിന് ആറ് ആഴ്ചകൊണ്ട് 10 രൂപയും ഡീസലിന് 7.50 രൂപയുമാണു കുറഞ്ഞത്. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 76.10 രൂപയും ഡീസലിന് 72.70 രൂപയുമാണ്. കൊച്ചില്‍ പെട്രോള്‍ വില 74.78 രൂപയും ഡീസല്‍ വില 71.32 രൂപയുമാണ്.

കോഴിക്കോട്ട് പെട്രോളിന് 75.10 രൂപയാണ്. ഡീസലിന് 71.66 രൂപയുമായി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ നേട്ടവുമാണ് രാജ്യത്ത് ഇന്ധന വില കുറയാന്‍ കാരണം.

അതേസമയം വിദേശനാണ്യ വിപണിയില്‍ ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ ഒറ്റ ദിവസം കൊണ്ട് 77 പൈസയുടെ കുതിപ്പ്. ഇതോടെ, രൂപയുടെ ഡോളര്‍മൂല്യം 69.85 എന്ന നിലയില്‍ വ്യാഴാഴ്ച ക്ലോസ് ചെയ്തു. അതായത്, ഒരു ഡോളറിന് 69.85 രൂപ. മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മൂല്യത്തിലെത്തിയിരിക്കുകയാണ് ഇതോടെ ഇന്ത്യന്‍ കറന്‍സി.

ഓഗസ്റ്റ് 24നാണ് ഇതിനു മുമ്പ് ഡോളര്‍ 70 രൂപ നിലവാരത്തിന് താഴെയെത്തിയത്. അന്ന് 69.91 രൂപയായിരുന്നു ഡോളര്‍മൂല്യം.
അസംസ്‌കൃത എണ്ണയുടെ വില കുറയുന്നതും ഓഹരി വിപണിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപം ഒഴുകിയെത്തിയതും രൂപയ്ക്ക് കരുത്തായി.

അസംസ്‌കൃത എണ്ണവില 50 ഡോളര്‍ നിലവാരത്തിലേക്ക് കൂപ്പുകുത്തുന്ന ലക്ഷണമാണ് ഉള്ളത്. അമേരിക്കയില്‍ പലിശ നിരക്കില്‍ തത്കാലം മാറ്റമുണ്ടാകില്ലെന്ന് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാന്‍ ജെറോം പവ്വല്‍ വ്യക്തമാക്കിയതോടെ പ്രധാന കറന്‍സികള്‍ക്കെതിരേയെല്ലാം ഡോളര്‍ കൂപ്പുകുത്തി.

രൂപ കരുത്താര്‍ജിക്കുകയും എണ്ണവില കുറയുകയും ചെയ്യുന്നത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ശുഭകരമാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതോടൊപ്പം വ്യാപാരക്കമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും കുറയുമെന്നതാണ് കാരണം.