‘എന്തിന് ശബരിമലയില്‍ പോയി’; ജയിലിലായ കെ സുരേന്ദ്രനെ കയ്യൊഴിഞ്ഞ് ആര്‍എസ്എസ്

single-img
30 November 2018

ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ ആര്‍എസ്എസ് വിമര്‍ശനം. കെ സുരേന്ദ്രന്‍ സന്നിധാനത്തേക്ക് പോയത് ആര്‍എസ്എസ് നിര്‍ദേശം ലംഘിച്ചാണ് എന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന ബി.ജെ.പി നേതൃയോഗത്തില്‍ ശബരിമല വിഷയത്തില്‍ സന്നിധാനമടക്കമുള്ള ഇടങ്ങളില്‍ പ്രത്യക്ഷ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബി.ജെ.പി തീരുമാനിച്ചിരുന്നു.

ആര്‍എസ്എസ് നിര്‍ദേശത്തെ തുടര്‍ന്നാണ് പാര്‍ട്ടി ഇത്തരമൊരു നിലപാടെടുത്തതെന്നാണ് റിപ്പോര്‍ട്ട്. അതിന് പിന്നാലെയാണ് കെ സുരേന്ദ്രനെതിരെ ആര്‍എസ്എസ് രംഗത്തെത്തിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ തുടര്‍പ്രക്ഷോഭങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കോഴിക്കോട്ട് ചേരുന്നുമുണ്ട്.

വൈകിട്ട് അഞ്ചുമണിക്ക് ചേരുന്ന യോഗത്തില്‍ ജില്ലാപ്രസിഡന്റ്, ഉപരി ഭാരവാഹികള്‍ പങ്കെടുക്കും. ശബരമല സന്നിധാനത്തും നിലയ്ക്കലും കേന്ദ്രീകരിച്ചുള്ള സമരപരിപാടികള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ജില്ലാകേന്ദ്രങ്ങള്‍ തോറും സംസ്ഥാന സര്‍ക്കാരിനെതിരായ പ്രചരണം ശക്തമാക്കാനാണ് തീരുമാനം.

കെ.സുരേന്ദ്രന്റെ അറസ്റ്റിനെതിരായി പ്രതിഷേധ പരിപാടികളും യോഗത്തില്‍ ചര്‍ച്ചയാകും. ശബരിമല വിഷയത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പ്പിള്ളയുടെ നിലപാടുകളോടുള്ള വിമര്‍ശനവും നേതാക്കള്‍ യോഗത്തില്‍ ഉന്നയിക്കും. ശബരിമലയിലേക്ക് പരമാവധി പ്രവര്‍ത്തകരെ എത്തിക്കണമെന്ന സര്‍ക്കുലര്‍ വരെ തയാറാക്കി ശക്തമായ സമരത്തിന് ആഹ്വാനം ചെയ്തിരുന്നിടത്തു നിന്നാണ് ബിജെപിയുടെ പിന്നോട്ടുപോക്ക്.

സമരകേന്ദ്രം ശബരിമലയില്‍ നിന്നു സെക്രട്ടേറിയറ്റിലേക്ക് മാറ്റിയ ബിജെപി ഡിസംബര്‍ മൂന്നു മുതലാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാവും അനിശ്ചിതകാല നിരാഹാരമിരിക്കുക.

സന്നിധാനത്ത് യുവതിപ്രവേശനമുണ്ടായാല്‍ മാത്രം ഇനി ശബരിമല കേന്ദ്രീകരിച്ച് സമരം നടത്തിയാല്‍ മതിയെന്നും നിയന്ത്രണങ്ങള്‍ ഏതാണ്ട് ഒഴിവായ സാഹചര്യത്തില്‍ സമരം തുടരുന്നത് വിശ്വാസികള്‍ക്കിടയില്‍ നിന്ന് തിരിച്ചടിയുണ്ടാകാന്‍ കാരണമാകുമെന്നും ഉളള ആര്‍എസ്എസ് വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.