സുപ്രീംകോടതി വിധിക്കെതിരെ ശബരിമല കര്‍മ്മസമിതി എന്ന പേരില്‍ സമരം നടത്തുന്നത് ആര്‍.എസ്.എസ്: ചാനല്‍ ചര്‍ച്ചയില്‍ തുറന്ന് സമ്മതിച്ച് ബി.ഗോപാലകൃഷ്ണന്‍

single-img
30 November 2018

ശബരിമലയിലെ യവതീപ്രവേശനത്തിനെതിരെ സമരം നടത്തുന്നത് ആര്‍.എസ്.എസാണെന്ന് സമ്മതിച്ച് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍. ശബരിമല സമരവുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ സമരരീതികളെ കുറിച്ചും നിലപാടു മാറ്റത്തെ കുറിച്ചുമുള്ള ഏഷ്യാനെറ്റ് ന്യൂസ് അവറിലെ ചര്‍ച്ചയിലാണ് ബി.ജെ.പി നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.

ആര്‍എസ്എസിന്റേയും വിശ്വഹിന്ദു പരിഷത്തിന്റേയും പ്രവര്‍ത്തകരാണ് കര്‍മ്മസമിതിയിലുള്ളത്. അവരോടാണ് ദേവസ്വം ബോര്‍ഡ് ചര്‍ച്ച നടത്താന്‍ ഒരുങ്ങുന്നതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍ ഉറപ്പിക്കാന്‍ വേണ്ടി അവതാരകന്‍ വീണ്ടും ചോദിച്ചെങ്കിലും കര്‍മ്മസമിതി എന്ന പേരില്‍ അവിടെ സമരം നടത്തുന്നത് ആര്‍.എസ്.എസും വിശ്വ ഹിന്ദു പരിഷത്തുമാണെന്ന് ആവര്‍ത്തിക്കുകയാണ് ഗോപാലകൃഷ്ണന്‍ ചെയ്തത്.

അതേസമയം ഗോപാലകൃഷ്ണന്റെ തുറന്ന് സമ്മതിക്കലില്‍ സന്തോഷമുണ്ടെന്നായിരുന്നു അവതാരകന്‍ വിനുവിന്റെ മറപടി. ‘വിശ്വാസികളാണ് സമരം നടത്തുന്നത് ആര്‍.എസ്.എസ് അല്ല എന്നാണ് ആദ്യം നിങ്ങള്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ സമരം നടത്തുന്നത് ബി.ജെ.പിയും ആര്‍.എസ്.എസുമാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ്. അതില്‍ സന്തോഷമുണ്ട്’ വിനു പറഞ്ഞു.