‘വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ’; കവിത മോഷണം നടത്തിയ ദീപ നിശാന്തിനെ പരിഹസിച്ച് അഡ്വ: ജയശങ്കര്‍

single-img
30 November 2018

കേരള വര്‍മ്മ കോളേജ് അധ്യാപികയായ ദീപാ നിശാന്ത് കവിത മോഷണം നടത്തിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി അഡ്വ: ജയശങ്കര്‍ രംഗത്ത്. സുപ്രസിദ്ധ സാഹിത്യകാരിയും പുരോഗമന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസികളുടെ സ്‌നേഹഭാജനവും സര്‍വ്വോപരി നവോത്ഥാന നായികയുമായ ദീപാ നിഷാന്തിനെതിരെ സാഹിത്യ ചോരണം ആരോപിക്കുന്നത് ചില തല്പരകക്ഷികളാണെന്ന് അദേഹം പറയുന്നു. വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേയെന്നും അദേഹം ദീപനിശാന്തിനെ പരിഹസിക്കുന്നു.

എസ് കലേഷ് എന്ന അപ്രശസ്ത കവി 2011ല്‍ എഴുതി പ്രസിദ്ധീകരിച്ച ഒരു കവിത അല്ലറചില്ലറ വ്യത്യാസങ്ങള്‍ വരുത്തി ദീപ സ്വന്തം പേരില്‍ പുന:പ്രസിദ്ധീകരിച്ചു എന്നാണ് ആരോപണം. നവോത്ഥാന വിരുദ്ധരും സാമ്രാജ്യത്വ ഫാസിസ്റ്റ് സയണിസ്റ്റ് ലോബിയുമാണ് ദീപ ടീച്ചറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്.

ദീപ കോപ്പിയടിച്ചാണ് പരീക്ഷ പാസായതെന്നും കോഴ കൊടുത്താണ് ജോലി സമ്പാദിച്ചതെന്നും ഇനി ആരോപണം ഉയര്‍ന്നേക്കും. പുരോഗമന നാട്യക്കാരായ ചില പുംഗവന്മാരും ടീച്ചറെ കല്ലെറിയുന്നു എന്നതാണ് ഏറ്റവും ഭയങ്കരമായ സംഗതി. മീടൂ ആരോപണം നേരിടുന്ന വിശ്വമഹാകവി വരെ ഇക്കൂട്ടത്തിലുണ്ട്. ദീപാ നിഷാന്ത് ഇതുകൊണ്ടൊന്നും തളരില്ല. അവര്‍ സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം തുടരുകതന്നെ ചെയ്യുമെന്നും ജയശങ്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

അതേസമയം ‘അങ്ങനെയിരിക്കേ’ കവിത മോഷ്ടിച്ചതല്ലെന്ന് ദീപ നിശാന്ത് പറഞ്ഞു. വരികള്‍ ഒന്നായതിന്റെ കാരണം ഉടന്‍ വെളിപ്പെടുത്തും. അത് ഇപ്പോള്‍ പറയാനാകില്ല. തീര്‍ത്തും വ്യക്തിപരമായ ചില കാര്യങ്ങള്‍ അതിന് പിന്നിലുണ്ട്. മറ്റു ചിലരുടെ ജീവിതവുമായും വികാരങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇത്.

കവിത മോഷ്ടിച്ച് പ്രശസ്തയാകേണ്ട കാര്യമില്ല. കലേഷിനും അതിന്റെ ആവശ്യമില്ല. ഞാനൊരു മലയാളം അധ്യാപികയാണ്. കലേഷിന്റെ കവിതയും എഴുത്തും അറിയുന്ന ആളാണ്. നവ മാധ്യമങ്ങളിലേത് വ്യക്തിപരമായ ആക്രമണമാണെന്നും അവജ്ഞയോടെ തള്ളുന്നുവെന്നും ദീപാനിശാന്ത് പറഞ്ഞു.

കവിത മോഷ്ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന് യുവകവി എസ് കലേഷാണ് ദീപയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. 2011ല്‍ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ / നീ എന്ന തന്റെ കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചെന്നാണ് എസ് കലേഷിന്റെ ആരോപണം. കവിത കോപ്പിയടിച്ച് ചെറിയ മാറ്റങ്ങള്‍ വരുത്തി ‘അങ്ങനെയിരിക്കെ’ എന്ന പേരില്‍ കോളേജ് അധ്യാപകസംഘടനയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് ആരോപണം.

2011 ല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുകയും അതിന് ശേഷം മാധ്യമം ആഴ്ചപ്പതിപ്പില്‍ വരികയും ചെയ്ത തന്റെ കവിതയാണ് ദീപ നിശാന്ത് മോഷ്ടിച്ചതെന്ന് കവി കലേഷ് പറയുന്നു. കവിത മറ്റൊരാളുടെ പേരില്‍ പ്രസിദ്ധീകരിച്ചു വന്നത് കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും കലേഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.