ശബരിമലയിലെ അന്നദാനത്തിന് ആര്‍എസ്എസ് അനുകൂല സംഘടനയ്ക്ക് അനുമതി

single-img
30 November 2018

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന അന്നദാനത്തില്‍ ആര്‍.എസ്.എസ് സംഘടനയായ അയ്യപ്പസേവാ സമാജത്തിനും പങ്കാളിത്തം. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ മറ്റ് ഇടത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ ദേവസ്വം ബോര്‍ഡ് നേരിട്ടാണ് അന്നദാനം നടത്തുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായ സാഹചര്യത്തിലാണ് സന്നദ്ധ സംഘടനകളെ പങ്കാളികളാക്കിയത്.

കഴിഞ്ഞ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്. യുവതീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനെതിരെ ശക്തമായ നിലപാടാണ് സംഘപരിവാര്‍ സംഘടനകള്‍ സ്വീകരിച്ചിരുന്നത്. കാണിക്ക ഇടരുതെന്ന പ്രചരണം അടക്കമുള്ള പ്രതിഷേധ നിലപാടായിരുന്നു അവര്‍ സ്വീകരിച്ചിരുന്നത്. ഇതിനിടയിലാണ് സംഘപരിവാറിന് അനുകൂലമായ നീക്കം ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

ഹൈക്കോടതി വിധി പ്രകാരം നിലവില്‍ അന്നദാനം നടത്താന്‍ ദേവസ്വം ബോര്‍ഡിനും അയ്യപ്പസേവാസംഘത്തിനും മാത്രമാണ് അനുമതിയുള്ളത്. നിയമ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മറ്റ് സംഘടനകള്‍ക്ക് അന്നദാനം നടത്താനുള്ള പൂര്‍ണ അധികാരം നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയില്ല.

ഈ സാഹചര്യത്തിലാണ് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള സേവാസമാജം ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് പങ്കാളിത്തം നല്‍കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. ഇതില്‍ നിയമലംഘനം ഇല്ലെന്നും സേവനത്തില്‍ മാത്രമാണ് പങ്കാളിത്തം നല്‍കുന്നതെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

2015ന് ശേഷം ദേവസ്വം ബോര്‍ഡ് സ്വന്തം നിലയില്‍ അന്നദാനം നടത്തിയാല്‍ മതിയെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. അതിനു ശേഷം അന്നദാനത്തിനുള്ള പണം ദേവസ്വം ബോര്‍ഡ് മറ്റു വ്യക്തികളില്‍ നിന്നും സംഘടനകളില്‍നിന്നും സ്വീകരിക്കുന്നുണ്ടെങ്കിലും ദേവസ്വം ബോര്‍ഡ് നേരിട്ടായിരുന്നു അന്നദാനം നടത്തിയിരുന്നത്.

അന്നദാനത്തിനുള്ള ചെലവ് പണമായി നല്‍കുന്നതിനു പകരം അന്നദാനത്തിനുള്ള സാധനങ്ങള്‍ ദേവസ്വം ബോര്‍ഡ് നല്‍കാനാണ് തീരുമാനം. 2016ല്‍ അന്നദാനത്തിനായി ഏഴരക്കോടി രൂപയായിരുന്നു ദേവസ്വം ബോര്‍ഡിന് ചെലവായിരുന്നത്. 2017ല്‍ അയ്യപ്പ സേവാ സംഘം അന്നദാനം നടത്തിയപ്പോള്‍ നാലരക്കോടി രൂപയായിരുന്നു ചെലവ്.

അന്നദാനത്തിന് വ്യക്തികളില്‍നിന്നും സംഘടനകളില്‍നിന്നും അന്നദാന ഫണ്ടിലേക്ക് സഹായം സ്വീകരിക്കാറുണ്ട്. സഹായം പണമായി സ്വീകരിക്കുന്നതിനു പകരം സേവനമായി നല്‍കാമെന്ന് ചില സംഘടനകള്‍ പറഞ്ഞതു പ്രകാരം അവരുടെ സഹായം തേടിയിട്ടുണ്ട്. എന്നാല്‍ കരാര്‍ കൊടുത്തതായുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു.