സൗദിയില്‍ പ്രവാസികള്‍ക്കുള്ള ലെവിയില്‍ ഇളവിന് സാധ്യത

single-img
29 November 2018

പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയില്‍ ഇളവ് വരുത്താന്‍ സൗദി അറേബ്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് അധികം വൈകാതെ സന്തോഷവാര്‍ത്ത പ്രതീക്ഷിക്കാമെന്ന് തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് സുലൈമാന്‍ അല്‍റാജ്ഹി പറഞ്ഞു.

സൗദിയില്‍ തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും ഇരട്ടിക്കുന്ന രീതിയില്‍ ലെവി നിലവിലുണ്ട്. ഇതോടെ പല ചെറുകിട സ്ഥാപനങ്ങള്‍ക്കും താഴിട്ടു. ചിലര്‍ ജീവനക്കാരെ വെട്ടിക്കുറച്ചു. ശരാശരി ശമ്പളമുള്ളവരെല്ലാം കുടുംബത്തെ ലെവി കാരണം മടക്കി അയച്ചു.

ഇതിന്റെ പ്രതിഫലനം വിപണിയിലുണ്ടായി. ഇതോടെ ലെവി വിഷയത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് തൊഴില്‍ മന്ത്രാലയത്തെ ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യം രാജാവിനെ അറിയിക്കുമെന്ന് തൊഴില്‍ മന്ത്രി പറഞ്ഞതായും വാര്‍ത്തയുണ്ടായി. ഇതിന് പിന്നാലെയാണ് പ്രതീക്ഷ നല്‍കുന്ന തൊഴില്‍ മന്ത്രിയുടെ വാക്കുകള്‍.

ആശ്രിത ലെവി, വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി, വാറ്റ് തുടങ്ങി കഴിഞ്ഞ രണ്ടുവര്‍ഷത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ നികുതികളില്‍ ഇളവു വരുത്തുമെന്നാണ് സൂചന. ലെവി പൂര്‍ണമായി പിന്‍വലിക്കാന്‍ സാധ്യതയില്ല. 2017 ജൂലായ് മുതലാണ് ആശ്രിത വിസയിലുളള വിദേശികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയത്.

100 റിയാലായിരുന്ന ലെവി ഈ വര്‍ഷം ഇരുന്നൂറായി. അടുത്തവര്‍ഷം മുന്നൂറും 2020ല്‍ നാനൂറും റിയാലായി ഉയര്‍ത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. വിദേശ തൊഴിലാളികള്‍ക്ക് തൊഴിലുടമ മാസം 200 റിയാലാണ് ലെവി അടച്ചിരുന്നത്. ഈ വര്‍ഷം അത് 400 റിയാലായി ഉയര്‍ന്നു.

അടുത്തവര്‍ഷം 600ഉം 2020ല്‍ 800ഉം റിയാലായി ഉയര്‍ത്തുമെന്നാണ് ധനകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. ലെവി പൂര്‍ണമായും ഒഴിവാക്കാതെ ഇളവു വരുത്തുകയോ വര്‍ധന ഒഴിവാക്കുകയോ ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലെവിയില്‍ ഏര്‍പ്പെടുത്തുന്ന ഇളവുകള്‍ വിദേശ തൊഴിലാളികളിലും വിപണിയിലും ഗുണകരമായി പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ തൊഴില്‍ മന്ത്രിയുടെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് പ്രവാസലോകം കാണുന്നത്.