ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് ബോധോദയമുണ്ടായെന്ന് മുഖ്യമന്ത്രി; കെ.സുരേന്ദ്രനെതിരായ കേസില്‍ തന്റെ ഓഫിസിന് പങ്കില്ല

single-img
29 November 2018

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് ബോധോദയമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷത അവര്‍ക്ക് ബോധ്യപ്പെട്ടതിന്റെ തെളിവാണ് സമരവേദി മാറ്റാനുള്ള തീരുമാനം. ബി.ജെ.പിയുടെ സെക്രട്ടറിയേറ്റ് ഉപവാസം സാധാരണ നടപടി മാത്രമാണ്.

എന്നാല്‍, അവര്‍ ഉന്നയിച്ച ആവശ്യങ്ങളെ കുറിച്ച് ചിന്തിക്കണം. സമൂഹത്തിന് അംഗീകരിക്കാനാത്ത നിലപാട് അവതരിപ്പിച്ചാല്‍ പിടിച്ചുനില്‍ക്കാനാകില്ല. കെ.സുരേന്ദ്രന്റെ കേസ് പരിഗണിക്കലല്ല തന്റെ ഓഫീസിന്റെ ജോലി. കെ.സുരേന്ദ്രനെതിരായ കേസില്‍ തന്റെ ഓഫിസിന് പങ്കില്ല.

ബി.ജെ.പി നേതാക്കള്‍ക്കെതിരായ കേസുകള്‍ സര്‍ക്കാര്‍ നിലപാടുകൊണ്ട് ഉണ്ടായതല്ല. നീതിനിര്‍വഹണത്തിന്റെ ഭാഗമാണിത്. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയിട്ടും വലിയ ഫലമുണ്ടാകില്ല.

സംസ്ഥാന പുനര്‍നിര്‍മാണത്തിന് 31,000 കോടി രൂപ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തങ്ങളെ പ്രതിരോധിക്കാനാകും വിധമാകും ഇനിയുളള നിര്‍മാണം. പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കും. ചുവപ്പുനാടയില്‍ നിന്ന് വിമുക്തവും സുതാര്യവുമായ രീതി കൊണ്ടുവരും.

വിവിധ മേഖലകളില്‍ നിന്നുളള ആശയങ്ങളെ ക്രോഡീകരിക്കാന്‍ വികസനസെമിനാര്‍ നടത്തും. മാധ്യമങ്ങളുടെ പങ്കാളിത്തത്തോടെയാകും സെമിനാറുകളും സംവാദങ്ങളും നടക്കുക. ആശയരൂപീകരണത്തിന് ഹാക്കത്തോണുകള്‍ സംഘടിപ്പിക്കും.

കേരള പുനര്‍നിര്‍മാണപദ്ധതി മന്ത്രിസഭയുടെ മേല്‍നോട്ടത്തിലായിരിക്കും നടപ്പാക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷനേതാവ് ഉള്‍പെട്ട ഉപദേശകസമിതിയും ഉണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.