ഡിസംബര്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ ഫുഡ് വിതരണമില്ല

single-img
29 November 2018

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ എറണാകുളം ജില്ലയിലെ ഹോട്ടല്‍ ഉടമകളുടെ തീരുമാനം. ഡിസംബര്‍ ഒന്ന് മുതല്‍ ഇത്തരം വിതരണ സ്ഥാപനങ്ങള്‍ക്ക് ഭക്ഷണം നല്‍കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ചെറുകിട ഹോട്ടല്‍ ഉടമകള്‍ ഇതുമൂലം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് അവര്‍ പറഞ്ഞു. ഓണ്‍ലൈന്‍ വിതരണ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ള ഹോട്ടലുകള്‍ക്ക് കരാര്‍ പ്രകാരമുള്ള പ്രതിഫലം ലഭിക്കുന്നില്ലെന്നും ഭാരവാഹിള്‍ പറഞ്ഞു.

യൂബര്‍ ഈറ്റസ്, സ്വിഗ്ഗി, സൊമാറ്റോ, ഫുഡ് പാണ്ട തുടങ്ങിയ കമ്പനികളാണ് കൊച്ചിയില്‍ ഹോട്ടല്‍ ഭക്ഷണം വിതരണം ചെയ്യുന്നത്. ഇവര്‍ സജീവമായതോടെ കൊച്ചിയില്‍ ഹോട്ടലുകളില്‍ എത്തുന്നവരുടെ എണ്ണം കുറഞ്ഞതായി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഓണ്‍ ലൈന്‍ കമ്പനികള്‍ ചില ഹോട്ടലുകള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്നതും കമ്മീഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ കാലതാമസം വരുത്തുന്നതും പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് കമ്പനികളെ ബഹിഷ്‌കരിക്കുന്നത്. വന്‍ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിച്ച് ചെറുകിട ഭക്ഷണവ്യാപാര മേഖല കൈയടക്കുകയും തുടര്‍ന്ന് ഇപ്പോള്‍ നല്‍കുന്ന ഓഫറുകളുടെ നഷ്ടം പൊതുജനങ്ങളില്‍നിന്ന് ഈടാക്കുവാനുമുള്ള കോര്‍പ്പറേറ്റ് തന്ത്രമാണ് ഓണ്‍ലൈന്‍ കമ്പനികള്‍ നടത്തുന്നതെന്നും കെഎച്ച്ആര്‍എ ആരോപിച്ചു.