‘ഇന്ത്യയൊരു ജനാധിപത്യ രാജ്യമാണ്; ഇത് താങ്കളുടെ അച്ഛന്റെയോ മുത്തച്ഛന്റെയോ സ്വത്തല്ല’: മോദിക്കെതിരെ തുറന്നടിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു

single-img
29 November 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിഹത്യ നടത്തി ചന്ദ്രശേഖര്‍ റാവു. ഇന്ത്യ എന്ന രാജ്യം മോദിയുടെ അച്ഛന്റെയും മുത്തച്ഛന്റെയും വകയല്ലെന്നായിരുന്നു കെ.സി.ആറിന്റെ പരാമര്‍ശം. സങ്കറെഡ്ഡിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു തെലങ്കാന രാഷ്ട്ര സമിതി നേതാവും മുഖ്യമന്ത്രിയുമായ കെ.സിആര്‍, മോദിയുടെ പൂര്‍വികരെ പരാമര്‍ശിച്ച് വിവാദ പ്രസ്താന നടത്തിയത്.

ഇന്ത്യയൊരു ജനാധിപത്യ രാജ്യമാണ്. ഇത് താങ്കളുടെ (മോദി) അച്ഛന്റെയോ മുത്തച്ഛന്റെയോ സ്വത്തല്ല. ഇനി എത്ര ദിവസം താങ്കള്‍ അധികാരത്തിലുണ്ടാകും. സംസ്ഥാനത്ത് ആദിവാസികള്‍ക്കും മുസ്ലീകള്‍ക്കും നല്‍കുന്ന സംവരണം വര്‍ധിപ്പിക്കാന്‍ അനുവദിക്കാത്ത മോദിയുടെ നടപടിയെ രൂക്ഷമായ ഭാഷയില്‍ ചന്ദ്രശേഖര്‍ റാവു വിമര്‍ശിച്ചു.

ഇതിനുള്ള നടപടി തന്റെ സര്‍ക്കാരും മന്ത്രിസഭയും സ്വീകരിച്ചിരുന്നു. സംവരണ വര്‍ധിപ്പിക്കാന്‍ ആവശ്യമായ പ്രമേയം മന്ത്രിസഭ പാസാക്കിയതാണ്. താന്‍ ഇത് ഡല്‍ഹിയിലെത്തിച്ചു. 30 തവണയാണ് സംവരണം വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് എഴുതിയത്. ഇത് അനുവദിക്കാന്‍ സാധിക്കില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. തെലങ്കാനയ്ക്ക് നീതി ലഭിക്കാന്‍ കേന്ദ്രത്തില്‍ ബിജെപിയിതര സര്‍ക്കാര്‍ ഭരണം നേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.