ഒന്നാം ക്ലാസ് വിദ്യാര്‍ഥി നാലാം ക്ലാസുകാരന്റെ സഹായം തേടുന്നതുപോലെയാണ് എ.എന്‍.രാധാകൃഷണന്‍ പൊന്‍ രാധാകൃഷ്ണന്റെ സഹായം തേടിയത്; അയ്യപ്പനോട് കളിക്കാന്‍ നില്‍ക്കരുത്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

single-img
29 November 2018

ബിജെപിക്കും സംഘപരിവാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപിയും സംഘപരിവാര്‍ നേതാക്കളും അയ്യപ്പനോടാണ് ഇപ്പോള്‍ കളിക്കുന്നത്. അയ്യപ്പനോട് കളിക്കാന്‍ നില്‍ക്കരുതെന്നും കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലെ മീഡിയാ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി അനുകൂലമാകാന്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എല്ലാ അമ്പലങ്ങളിലും പ്രത്യേക പൂജ നടത്തി. ‘ജഡ്ജിയമ്മാവന്‍ ക്ഷേത്രത്തില്‍’ പ്രാര്‍ഥിച്ചാല്‍ കോടതി വിധികള്‍ അനുകൂലമാകുമെന്നാണു വിശ്വാസം.

ആ ക്ഷേത്രത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഒരു ദിവസം മുഴുവന്‍ ഉപവാസം നടത്തി. എന്നിട്ടും സുപ്രീംകോടതി വിധി അനുകൂലമായില്ല. യുവതികളെ പ്രവേശിപ്പിക്കാനാണ് കോടതി നിര്‍ദേശിച്ചത്. താന്‍ കരുതുന്നത് ഇതെല്ലാം അയപ്പന്റെ ശക്തിയാണെന്നാണ്.

തന്നോട് തല്ലുണ്ടാക്കിയ സഹപാഠിയെ തല്ലാന്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി നാലാം ക്ലാസുകാരന്റെ സഹായം തേടുന്നതുപോലെയാണ് ബിജെപി നേതാവ് എ.എന്‍.രാധാകൃഷണന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ സഹായം തേടിയത്. കേന്ദ്രമന്ത്രിയെ വിളിച്ചു വരുത്തി അപമാനിക്കുകയാണ് എ.എന്‍.രാധാകൃഷ്ണന്‍ ചെയ്തത്. കേന്ദ്രമന്ത്രിപദം എത്രയോ വലിയ പദവിയാണ്. ഒരു പഞ്ചായത്ത് അംഗത്തോടുപോലും എസ്പിമാര്‍ മോശമായി പെരുമാറാറില്ലെന്നും മന്ത്രി പറഞ്ഞു.