‘ശസ്ത്രക്രിയ വിജയം, പക്ഷേ രോഗി മരിച്ചു’; ജിഡിപി വെട്ടിക്കുറച്ചതിനെ പരിഹസിച്ച് കോണ്‍ഗ്രസ്

single-img
29 November 2018

മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്കു കുറച്ച കേന്ദ്ര നടപടിയെച്ചൊല്ലി പുതിയ രാഷ്ട്രീയ വിവാദം. രാജ്യത്തിന്റെ തകര്‍ന്ന സാമ്പത്തികാവസ്ഥ മറച്ചുവയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ചേര്‍ന്നു നടത്തുന്ന, വിദ്വേഷം കലര്‍ന്ന വഞ്ചനാപരമായ ചെപ്പടിവിദ്യയാണതെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഇന്ത്യയുടെ കഴിഞ്ഞ 15 വര്‍ഷത്തെ വളര്‍ച്ചയെ അട്ടിമറിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മോദി സര്‍ക്കാര്‍ യുപിഎ കാലത്തെ ജിഡിപി നിരക്കില്‍ തിരുത്തല്‍ നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ശസ്ത്രക്രിയ വിജയം, എന്നാല്‍ രോഗി മരിച്ചു എന്നായിരുന്നു കേന്ദ്ര നടപടിയെ കോണ്‍ഗ്രസ് വക്താവ് രന്ദീപ് സുര്‍ജെവാല വിശേഷിപ്പിച്ചത്.

മോദി സര്‍ക്കാരും അവരുടെ കളിപ്പാവയായ നീതി ആയോഗും രണ്ടും രണ്ടും കൂട്ടിയാല്‍ എട്ടെന്നാണ് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം തന്ത്രങ്ങളും ചെപ്പടിവിദ്യകളും വഞ്ചനയും കാണിച്ച് പഴയ രേഖകള്‍ വില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2010-11 കാലത്തെ ജിഡിപി 10.3 ശതമാനമെന്നാണ് നേരത്തെ കണക്കാക്കിയിരുന്നത്. എന്നാലിത് 8.5 ശതമാനം മാത്രമാണെന്നാണ് നീതി ആയോഗ് ഇന്നലെ വ്യക്തമാക്കിയത്. സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധര്‍ സൂക്ഷ്മപരിശോധനകള്‍ക്കു ശേഷമാണ് പുതിയ ജിഡിപി നിരക്കു പ്രഖ്യാപിച്ചതെന്നും തെറ്റിദ്ധരിപ്പിക്കുകയോ യാഥാര്‍ഥ്യത്തെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കുകയോ സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്നും നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

എന്‍ഡിഎ കാലത്തെക്കാള്‍ മികച്ച ജിഡിപി നിരക്കാണ് യുപിഎ കാലത്തുണ്ടായിരുന്നതെന്ന കോണ്‍ഗ്രസിന്റെയും മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെയും വാദം ഇതോടെ പൊളിഞ്ഞെന്ന് ബിജെപി ട്വീറ്റു ചെയ്തു. ഉദാരവത്ക്കരണത്തിനു തുടക്കമിട്ട ശേഷം ജിഡിപി രണ്ടക്കത്തിലെത്തിയ ഏക വര്‍ഷമായിരുന്നു 2010–- 11. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ കണക്കുകള്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഒരുപോലെ പ്രധാനമാണ്

നീതി ആയോഗിന്റെ പുതിയ ജിഡിപി കണക്കുകള്‍ വിലകുറഞ്ഞ തമാശയാണെന്ന് പി. ചിദംബരം കുറ്റപ്പെടുത്തി. സത്യത്തില്‍, വില കുറഞ്ഞ തമാശയെക്കാള്‍ ശോചനീയമാണ് ആ കണക്കുകളെന്നും നിശിതമായ വിമര്‍ശനം മൂലം ഉടലെടുത്തവയാണ് അവയെന്നും ചിദംബരം ട്വീറ്റു ചെയ്തു.