ബിജെപിക്ക് മനംമാറ്റം; ശബരിമല സമരം തല്‍ക്കാലം നിര്‍ത്തുന്നു: ഇനി സമരം ആചാര ലംഘനമുണ്ടായാല്‍ മാത്രം

single-img
29 November 2018

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ നടത്തിവന്ന സമരം ബിജെപി തല്‍കാലം നിര്‍ത്തിവയ്ക്കുമെന്ന് സൂചന. നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് നടത്താനിരുന്ന മാര്‍ച്ച് യുവമോര്‍ച്ച ഉപേക്ഷിച്ചു. പ്രക്ഷോഭം പാടില്ലെന്ന ഹൈക്കോടതി ഉത്തരവും ഹൈക്കോടതി ഇടപെടല്‍ ഭക്തര്‍ക്ക് അനുകൂലമാണെന്നും വിലയിരുത്തിയാണ് തീരുമാനം.

നിലവില്‍ ഓരോ ദിവസവും ഭക്തകരുടെ വരവ് കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വീണ്ടും പ്രതിഷേധങ്ങള്‍ തുടര്‍ന്നാല്‍ തിരിച്ചടിയുണ്ടാക്കുമെന്നും ഭക്തര്‍ എതിരാകുമെന്നും ബിജെപി കണക്കുക്കൂട്ടുന്നുണ്ട്. മാത്രമല്ല, കെ.സുരേന്ദ്രന്റെ അറസ്റ്റിന് ശേഷം ബിജെപിയുടെ പ്രവര്‍ത്തനങ്ങളെല്ലാം താളംതെറ്റിയെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

നിയമസഭയില്‍ സുരേന്ദ്രന്റെ അറസ്റ്റ് ചോദ്യം ചെയ്യാന്‍ പാര്‍ട്ടിയുടെ ഏക എംഎല്‍എയായ ഒ.രാജഗോപാല്‍ തയാറായില്ലെന്നും വിമര്‍ശനമുണ്ട്. ഹൈക്കോടതി ഉത്തരവും പാര്‍ട്ടിയിലെ ചേരിപ്പോരും ശബരിമല വിഷയത്തില്‍ നിലവില്‍ ബിജെപിക്ക് ഫലത്തില്‍ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.

അതേസമയം യുവതീപ്രവേശം പോലെ ആചാര ലംഘനമുണ്ടായാല്‍ ശക്തമായി വീണ്ടും രംഗത്തുവരാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. സമരം അവസാനിപ്പിക്കാനുള്ള തീരുമാനം പരസ്യമാക്കേണ്ടെന്നാണ് പാര്‍ട്ടി നേതാക്കള്‍ക്കിടയിലെ ധാരണ.