പ്രളയകാലത്ത് കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഹെലികോപ്റ്ററുകള്‍ക്ക് വാടകയായി ചോദിച്ചത് 25 കോടി രൂപ

single-img
29 November 2018

തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ഇതുവരെ കിട്ടിയ തുക പോരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ നിധിയിലേക്ക് ആകെ കിട്ടിയത് 2683.18 കോടി രൂപയാണ്. റേഷന്‍ ഇനങ്ങള്‍ നല്‍കിയതിനും രക്ഷാപ്രവര്‍ത്തനത്തിന് വിമാനം എത്തിയതിനുമായി 290 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനം നടത്തിയതിന്റെ ചെലവിലേക്കായി 25 കോടി രൂപയാണ് വ്യോമസേന ആവശ്യപ്പെട്ടത്. ഭക്ഷ്യധാന്യങ്ങള്‍ക്ക് കേന്ദ്രം പണം ആവശ്യപ്പെട്ട കാര്യം നേരത്തെ പുറത്തുവന്നിരുന്നെങ്കിലും വ്യോമസേനാ വിമാനങ്ങള്‍ക്ക് പണം നല്‍കണമെന്ന കാര്യം പുറത്താകുന്നത് ഇതാദ്യമാണ്.

കേന്ദ്ര സര്‍ക്കാര്‍ പ്രളയകാലത്ത് അനുവദിച്ച റേഷന്‍ ധാന്യത്തിന്റെ വിലയും വ്യോമസേനയ്ക്ക് നല്‍കാനുള്ള തുകയും ചേര്‍ത്ത് 290 കോടി രൂപയാണ് കേരളം നല്‍കേണ്ടത്. വ്യോമസേനയ്ക്ക് നല്‍കേണ്ട തുക എത്രയെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞില്ലെങ്കിലും 25 കോടിയുടെ ബില്ലാണ് വ്യോമസേന നല്‍കിയതെന്ന കാര്യം അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നറിയിച്ചു.

പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ സംസ്ഥാനം വലയുമ്പോഴാണ് ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട വിമാനങ്ങള്‍ക്ക് പോലും പണം നല്‍കേണ്ട അവസ്ഥ വരുന്നത്. എന്നാല്‍ വ്യോമസേനാ വിമാനങ്ങള്‍ ഉപയോഗിച്ചാല്‍ പണം ഈടാക്കുന്നത് സാധാരണമാണെന്നാണ് സേനാവൃത്തങ്ങള്‍ അനൗദ്യോഗികമായി നല്‍കുന്ന വിശദീകരണം. പ്രളയകാലത്ത് അനുവദിച്ച റേഷന്‍ ധാന്യങ്ങള്‍ക്ക് പണം വേണമെന്ന നിലപാടില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരും.

26718 കോടി രൂപയുടെ നാശനഷ്ടമാണ് പ്രളയത്തിലുണ്ടായത്. 31000 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് വേണം. ദുരിതാശ്വാസ നിധി വഴി 2683.18 കോടി രൂപ ഇതുവരെ സമാഹരിച്ചു. വീടുകളുടെ നാശനഷ്ടത്തിന് 1357.78 കോടി ചെലവായി. കേന്ദ്രം 600 കോടി രൂപയാണ് ഇതുവരെ നല്‍കിയത്. ഇതില്‍ പ്രളയ സമയത്ത് റേഷന്‍ ഇനങ്ങള്‍ നല്‍കിയതിനും രക്ഷാപ്രവര്‍ത്തനത്തിന് വിമാനങ്ങള്‍ എത്തിയതിനുമായി 290.67 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയില്‍ പറയുന്നു.

എസ്.ഡി.ആര്‍.എഫിലെ മുഴുവന്‍ തുക വിനിയോഗിച്ചാലും ബാധ്യതപ്പെട്ട തുക മുഴുവന്‍ കൊടുത്ത് തീര്‍ക്കാന്‍ ഫണ്ട് പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ റോഡുകളുടെ പുനര്‍നിര്‍മ്മാണം, വീടുകളുടെ പുനര്‍നിര്‍മ്മാണം, ജീവനോപാധികളുടെ വീണ്ടെടുപ്പ് തുടങ്ങിയവയ്ക്കാണ് പുനര്‍നിര്‍മ്മാണത്തില്‍ പ്രാധാന്യം നല്‍കുന്നത്. കുട്ടനാട്, പുഴയോര പാരിസ്ഥിത ദുര്‍ബല മേഖലകള്‍, രൂക്ഷമായ കടലാക്രമണ നടക്കുന്ന സ്ഥലം, മണ്ണിടിച്ചില്‍ മേഖല എന്നിവിടങ്ങളുടെ സവിശേഷത കണക്കിലെടുത്ത് മാത്രമേ പുനര്‍നിര്‍മ്മാണം നടത്തൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.