തന്നെ സഭയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതില്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് കെ.എം.ഷാജി

single-img
28 November 2018

തിരുവനന്തപുരം: സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്നും അംഗത്വം റദ്ദാക്കി ഉത്തരവിറക്കാന്‍ സഭാ സെക്രട്ടറി തിടുക്കം കാട്ടിയെന്നും അഴീക്കോട് എംഎല്‍എ കെ.എം. ഷാജി.സഭാഗത്വം റദ്ദാക്കിയ നിയമസഭ സെക്രട്ടറിയുടെ നടപടി മുന്‍വിധിയോടെയാണ്. രജിസ്റ്ററില്‍ നിന്നും സീറ്റില്‍ നിന്നും പേര് വെട്ടുകയും അനാവശ്യ തിടുക്കം കാണിക്കുകയും ചെയ്തു. നിയമസഭാ സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നിയമനടപടികള്‍ തുടരും. എല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് സ്പീക്കര്‍ക്ക് നല്‍കില്ല കെ.എം. ഷാജി പറഞ്ഞു.

കെ.എം. ഷാജിയെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനും സഭയിലെ റജിസ്റ്ററില്‍ ഒപ്പുവയ്ക്കുന്നതിനും അനുവദിച്ച് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നലെ വന്നിരുന്നു. ഷാജി സഭയിലെ വോട്ടെടുപ്പില്‍ പങ്കെടുക്കാനും എംഎല്‍എയ്ക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ വാങ്ങാനും പാടില്ലെന്ന് ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. കെ.എം. ഷാജി ഇന്ന് നിയമസഭയില്‍ എത്തിയിട്ടുണ്ട്.