സുരേന്ദ്രന് ജാമ്യവും പുതിയ കുരുക്കും; തൃപ്‌തി ദേശായിയെ തടഞ്ഞ കേസിലും കെ.സുരേന്ദ്രനെ പ്രതിയാക്കി;ജയില്‍മോചനം സാധ്യമല്ല

single-img
28 November 2018

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെ തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചു. ഉപാധികളില്ലാതെയാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. കേസില്‍ ഡിസംബര്‍ അഞ്ചിന് ഹാജരാകണമെന്നും കോടതി സുരേന്ദ്രനോട് ആവശ്യപ്പെട്ടു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെ ബിജെപിയുടെ പ്രചാരണവാഹനം അന്നത്തെ തഹസില്‍ദാര്‍ കസ്റ്റഡിയിലെടുത്തിരുന്നു.

ഇതില്‍ പ്രതിഷേധിച്ച്‌ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപി പ്രവര്‍ത്തകര്‍ തഹസില്‍ദാരെ ഉപരോധിച്ചിരുന്നുവെന്നാണ് കേസ്.

അതിനിടെ ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെ പുതിയ കേസ്. നെടുമ്പാശേരിയില്‍ തൃപ്തി ദേശായിയെ തടഞ്ഞ സംഭവത്തിലാണ് കേസ്.ചിത്തിര ആട്ടവിശേഷ സമയത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പത്തനംതിട്ട കോടതി പരിഗണിക്കുന്നതിനിടെയാണ് പുതിയൊരു കേസില്‍ കൂടി പൊലീസ് അദ്ദേഹത്തെ പ്രതിയാക്കിയത്. എന്നാല്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം ഇനിയും സുരേന്ദ്രന് ജയിലിന് ജയില്‍ മോചനം സാധ്യമല്ല. ചിത്തിര ആട്ടവിശേഷത്തിനിടെ സ്ത്രീയെ ആക്രമിച്ച കേസ് അടക്കം ആറ് കേസുകള്‍ കൂടിയുള്ളതിനാലാണ് പുറത്തിറങ്ങാന്‍ കഴിയാത്തത്.‌