ഭാര്യയെ സംശയം; ഭര്‍ത്താവ് മൂന്ന് മാസം പ്രായമായ കുഞ്ഞിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കി

single-img
28 November 2018

ഉത്തര്‍പ്രദേശിലെ മൊറാദാബാദിലുള്ള താക്കുരാന്‍ എന്ന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഭാര്യക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് ആരോപിച്ചാണ് ഭര്‍ത്താവ് മുന്ന് മാസം പ്രായമായ കുഞ്ഞിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കിയത് . സംഭവത്തില്‍ സജ്ജാദ് ഹുസൈന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൊറാദാബാദിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.

ഞാറാഴ്ച്ച സന്ധ്യക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. സജ്ജാദും സുഹൃത്തും തമ്മിൽ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിനെ പറഞ്ഞയച്ച സജ്ജാദ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും ശേഷം അടുക്കളയില്‍ നിന്ന് കത്തി എടുത്തുകൊണ്ട് വന്ന് തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. ഉടന്‍ തന്നെ ഭാര്യയും അമ്മയും കൂടി സജ്ജാദിനെ തള്ളി മാറ്റുകയും കുട്ടിയെയും കൊണ്ട് വീടിന് പുറത്തിറങ്ങുകയും ചെയ്തു. ശേഷം അയൽവാസികളുടെ സഹായത്തോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയും സജ്ജാദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേ സമയം കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നും ശ്വാസനാളത്തില്‍ നിന്നും കുറച്ച് അകലം മാത്രം ബാക്കി നില്‍ക്കെയാണ് മുറിവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ കൈവിരലുകൾക്കും കൈതണ്ടയ്ക്കും ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. സജ്ജാദിന്റെ അമ്മയുടെ പരാതിയില്‍ കേസെടുത്തതായി ബിലാരി പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ കാംറൂല്‍ ഹസന്‍ പറഞ്ഞു.