പിറവം പള്ളിക്കേസില്‍ ഇരട്ടത്താപ്പ്;സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം.

single-img
28 November 2018

കൊച്ചി: പിറവം പള്ളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണ് ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു.

ശബരിമലയില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ ആയിരക്കണക്കിന് പൊലിസിനെ സര്‍ക്കാര്‍ വിന്യസിക്കുന്നുണ്ട്. എന്നാല്‍ പിറവത്ത് 200 പേര്‍ക്ക് സംരക്ഷണം നല്‍കാതിരിക്കാന്‍ പറയുന്ന ന്യായങ്ങള്‍ സാധാരണക്കാര്‍ക്ക് മനസിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. പിറവം വിഷയം ഒത്തുതീര്‍ക്കാന്‍ ചര്‍ച്ച നടത്തുന്ന സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ എന്തുകൊണ്ട് ചര്‍ച്ച നടത്തുന്നില്ലെന്നും കോടതി ചോദിച്ചു.

പിറവം പള്ളിക്കേസില്‍ സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടായെങ്കിലും നടപ്പാക്കി കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. അനുരഞ്ജന ചര്‍ച്ച നടത്തുകയല്ല കോടതിവിധി നടപ്പാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.