‘ഓട്ടര്‍ഷ കണ്ട് 300 രൂപ സ്വാഹ’ എന്ന് പ്രേക്ഷകന്‍; പണം തിരികെ നൽകാമെന്ന് അനുശ്രീ

single-img
28 November 2018

‘ഓട്ടര്‍ഷ’ സിനിമ കണ്ട് 300 രൂപ പോയെന്ന് പറഞ്ഞ പ്രേക്ഷകന് പണം തിരിച്ചു നല്‍കാമെന്ന മറുപടിയുമായി നായിക അനുശ്രീ. ‘കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ഓട്ടര്‍ഷ, മുന്നൂറ് രൂപ സ്വാഹ. അവസാനം ഇറങ്ങി ഓടി’. എന്നായിരുന്നു പ്രേക്ഷകന്റെ കമന്റ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നപ്പോഴാണ് ചിത്രം മോശമാണെന്ന കമന്റുമായി പ്രേക്ഷകന്‍ എത്തിയത്.

‘എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് മുന്നൂറ് രൂപ പോയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്റെ ഒഫീഷ്യല്‍ പേജിലേക്ക് താങ്കളുടെ നമ്പറും അക്കൗണ്ട് ഡീറ്റെയ്ല്‍സും മെസേജ് ചെയ്യൂ. രണ്ടു ദിവസത്തിനകം മുന്നൂറ് രൂപ ഞാന്‍ ട്രാന്‍സ്ഫര്‍ ചെയ്തു തരാം. ജിഎസ്ടി വരുമോ എന്നറിയില്ല. ഞാന്‍ എത്രയും വേഗം നിങ്ങളുടെ പണം അയച്ചു തരാം.നമുക്ക് ആരുടേയും നഷ്ടക്കച്ചവടത്തിനൊന്നും നിൽക്കണ്ട. അത്രയ്ക്കു വിഷമം ഉണ്ടെങ്കില്‍ അക്കൗണ്ട് വിവരങ്ങള്‍ മെസേജ് ചെയ്യൂ കേട്ടോ, എന്നായിരുന്നു അനുശ്രീയുടെ മറുപടി.

അനുശ്രീയെ കേന്ദ്രകഥാപാത്രമാക്കി സുജിത്ത് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഓട്ടര്‍ഷ. ഒരു കൂട്ടം ഓട്ടോറിഷ ഡ്രൈവര്‍മാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ഓട്ടോറിഷ ഡ്രൈവറുടെ റോളിലാണ് അനുശ്രീയും എത്തുന്നത്. അനിത എന്നാണ് അനുശ്രീയുടെ കഥാപാത്രത്തിന്റെ പേര്. അനുശ്രീയ്ക്കൊപ്പം നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ലാല്‍ജോസിന്റെ എല്‍ജെ ഫിലിംസ് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. മറിമായം എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ജയരാജ് മിത്രയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.