മുൻ വിജിലന്‍സ് ഡയറക്ടർ ജേക്കബ് തോമസിന് വിജിലന്‍സ് കുരുക്ക്;ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

single-img
28 November 2018

തിരുവനന്തപുരം: മുൻ വിജിലന്‍സ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം. മുഖ്യമന്ത്രിയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉത്തരവിട്ടത്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ധനകാര്യ പരിശോധ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജോക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നതായി ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതു സംബന്ധിച്ച ഫയല്‍ ഇന്നു വിജിലന്‍സ് മേധാവി ബി.എസ്. മുഹമ്മദ് യാസിനു കൈമാറുമെന്നാണ് സൂചന.

ധനവകുപ്പ് പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിന് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദ് ശുപാര്‍ശ ചെയ്തിരുന്നു. ഇതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരോട് സര്‍ക്കാര്‍ നിയമോപദേശവുംതേടിയിരുന്നു. 2009 മുതല്‍ 2014 വരെ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരിക്കെ കട്ടര്‍ സക്ഷന്‍ ഡ്രഡ്ജര്‍ വാങ്ങിയതില്‍ 14.96 കോടിയുടെ ക്രമക്കേട് ഉണ്ടായതായാണ് ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയത്. സര്‍ക്കാര്‍ അനുമതിക്കുശേഷം രേഖകളില്‍ മാറ്റം വരുത്തിയതായും ടെന്‍ഡര്‍ വിവരങ്ങള്‍ വിദേശ കമ്പനിക്ക് നേരത്തേ തന്നെ കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത മാസം ജേക്കബ് തോമസിന്റെ സസ്പെൻഷൻ കാലാവധി അവസാനിക്കാനിക്കെയാണ് പുതിയ കേസ്.നേരത്തെ ഒരു തവണ ജേക്കബ് തോമസിന്‍റെ സസ്പെന്‍ഷന്‍ നീട്ടീയിരുന്നു. തുടര്‍ച്ചയായി അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍ ഇതിന് ശേഷവും സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെതിരായി ജേക്കബ് തോമസ് പ്രസ്താവനകള്‍ നടത്തിയിരുന്നു.