വല്‍സൻ തില്ലങ്കേരിയെ വിളിച്ചത് പ്രതിഷേധക്കാരെ ശാന്തരാക്കുന്നതിന്;ന്യായീകരണവുമായി മുഖ്യമന്ത്രി.

single-img
28 November 2018

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് പ്രതിഷേധം സംഘര്‍ഷാവസ്ഥയിലേക്ക് കടന്നപ്പോള്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനാണ് വത്സന്‍ തില്ലങ്കേരിയോട് പൊലീസ് ആവശ്യപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.52 വയസ്സുള്ള സ്ത്രീ വന്നപ്പോള്‍ പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് പ്രതിഷേധക്കാരിലൊരാള്‍ക്ക് മൈക്ക് നല്‍കിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. നേരത്തെ സമാനമായ വിശദീകരണം തന്നെയാണ് സി.പി.എമ്മും ഈ വിഷയത്തില്‍ നടത്തിയിരുന്നത്.

ആര്‍എസ്എസ് നേതാവ് ക്രമസമാധാനച്ചുമതല ഏറ്റെടുക്കുകയും മെഗാഫോണ്‍ ഉപയോഗിക്കുകയും ചെയ്തത് പൊലീസിന്റെ വീഴ്ചയല്ലേയെന്ന നിയമസഭയിലെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഈ വിഷയത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ശബരിമലയില്‍ ഇതുവരെ 58 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ഇതുമായി ബന്ധപ്പെട്ട് 320 പേരെ അറസ്റ്റ് ചെയ്‌തെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. വിധിക്കെതിരെ തന്ത്രി കുടുംബവും, പന്തളം കൊട്ടാരവും ആളെക്കൂട്ടി പ്രതിഷേധിച്ചപ്പോഴാണ് രാഷട്രീയ പാര്‍ട്ടികള്‍ നിലപാട് മാറ്റിയത്. അറസ്റ്റിലായ പ്രതികളുടെ രാഷ്ട്രീയം പരിശോധിച്ചാല്‍ പ്രതികള്‍ ആര്‍എസ്,എസ്, ബി ജെ പി പ്രവര്‍ത്തകരാണെന്ന് മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ശബരിമല വിഷയം ഉന്നയിച്ച് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തോടെയായിരുന്നു നിയമസഭ ആരംഭിച്ചത്. ബാനറുകളും പ്ലക്കാര്‍ഡുകളുമായി എത്തിയ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം, ചര്‍ച്ച വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.