നിലക്കലില്‍ എന്നെ നിയോഗിച്ചത് ‘ഭഗവാന്‍’ എന്ന് യതീഷ് ചന്ദ്ര; ‘നാളെ ഇവന്മാര്‍ എന്തു ചെയ്യുമെന്നറിയില്ല’

single-img
27 November 2018

മണ്ഡല മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ചു സുരക്ഷാ ചുമതലയുളള പുതിയ പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടികയായി. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാംഘട്ടത്തില്‍ പമ്പയുടെയും സന്നിധാനത്തിന്റെയും സുരക്ഷാ മേല്‍നോട്ട ചുമതല പൊലീസ് ആസ്ഥാനത്തെ ഐജി ദിനേന്ദ്ര കശ്യപ് നിര്‍വഹിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളുടെ സുരക്ഷാ മേല്‍നോട്ട ചുമതല ഇന്റലിജന്‍സ് ഐജി അശോക് യാദവിനായിരിക്കും. സുരക്ഷാ ചുമതലയുളള പൊലീസ് ജോയിന്റ് ചീഫ് കോഓര്‍ഡിനേറ്റര്‍ ആയി തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം തുടരും.

നിലയ്ക്കല്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്നും പ്രതിഷേധങ്ങള്‍ക്കു സാധ്യതയില്ലെന്നും നിലവില്‍ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര അറിയിച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചുവെന്ന ആരോപണത്തില്‍ പ്രതികരിക്കാനില്ല. പരാതിയില്‍ അന്വേഷണം വരട്ടെ, അപ്പോള്‍ നോക്കാം.

ഇവിടെ ഇപ്പോള്‍ ഒരു പ്രശ്‌നവുമില്ല. കേരളത്തില്‍ വരുന്നവര്‍ കേരള പൊലീസ് നല്ലതാണ്, സര്‍ക്കാര്‍ നല്ലതാണ് എന്നു പറയണം. അതാണ് ഉദ്ദേശ്യം. എല്ലാവരും വരണം, എല്ലാവരേയും ഇവിടേക്കു സ്വാഗതം ചെയ്യുന്നു–- യതീഷ് ചന്ദ്ര പറഞ്ഞു. അതിനിടെ, പ്രതിഷേധക്കാരെ ‘ഇവന്‍മാര്‍’ എന്നാണ് യതീഷ് ചന്ദ്ര വിശേഷിപ്പിച്ചത്.

നിലയ്ക്കലില്‍ ഇന്നലെ മാദ്ധ്യമങ്ങളെ കണ്ട യതീഷ് ചന്ദ്ര ശബരിമലയില്‍ സ്ഥിതി ശാന്തമാണെന്നും ‘നാളെ ഇവന്‍മാര്‍ എന്തു ചെയ്യുമെന്നറിയില്ല’ എന്നും പറഞ്ഞു. ഭഗവാന്‍ തന്നെയാണ് എന്നെ നിലക്കലില്‍ സേവനം ചെയ്യാന്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.