ക്രിക്കറ്റ് ലോകകപ്പ് ഫിക്‌സച്ചറായി; ഇന്ത്യയുടെ ആദ്യ എതിരാളികൾ ദക്ഷിണാഫ്രിക്ക

single-img
27 November 2018

അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളികള്‍ ദക്ഷിണാഫ്രിക്ക. ജൂണ്‍ അഞ്ചിനാണ് തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടുക. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, വെസ്റ്റന്‍ഡീസ് എന്നീ ടീമുകളാണ് ലോകകപ്പില്‍ മുത്തമിടാന്‍ മാറ്റുരയ്ക്കുന്ന ടീമുകള്‍.

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. കൊല്‍ക്കത്തയില്‍ നടന്ന അഞ്ചു ദിവസത്തെ ഐസിസി യോഗത്തിലാണ് ലോകകപ്പ് മല്‍സര ക്രമം തീരുമാനമായത്. 2011ലെ ചാംപ്യന്‍മാരും 2015ലെ സെമി ഫൈനലിസ്റ്റുകളുമായ ഇന്ത്യയാണ് ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തരായ ടീം.

അടുത്ത വര്‍ഷം മേയ് 30 മുതല്‍ ജൂലൈ 14 വരെയാണ് ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും 12 വേദികളിലായി മല്‍സരങ്ങള്‍ നടക്കുക. ഓരോ ടീമുകളും ഒന്‍പത് ഗ്രൂപ്പ് മല്‍സരങ്ങള്‍ കളിച്ച ശേഷം ഏറ്റവും മുന്നിലുള്ള നാലു ടീമുകളായിരിക്കും നോക്കൗട്ടില്‍ പ്രവേശിക്കുക.

ജൂണ്‍ 16നു ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ നേരിടും. മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം നടക്കുക. സെമി ഫൈനല്‍ മത്സരങ്ങള്‍ ജൂലൈ 9, 11 തീയ്യതികളില്‍ ഓള്‍ഡ് ട്രാഫോര്‍ഡിലും എഡ്ജ്ബാസ്റ്റണിലുമായി നടക്കും. ലോര്‍ഡ്‌സില്‍ ഇത് അഞ്ചാം തവണയാണ് ലോകകപ്പ് ഫൈനല്‍ നടക്കുന്നത്. സെമി മുതലുള്ള മത്സരങ്ങള്‍ക്ക് റിസര്‍വ് ദിവസങ്ങളും കരുതലായി പ്രഖ്യാപിച്ചിട്ടുണ്ട്.