ബൂട്ടിട്ട യതീഷിന്റെ കാല്‍ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം; പിണറായിക്ക് അയ്യപ്പന്റെ ശാപം ഏറ്റുകഴിഞ്ഞു; പൊലീസിനെ നേരിടാന്‍ ആര്‍.എസ്.എസ് പരിശീലനം ലഭിച്ചവരെ രംഗത്തിറക്കുമെന്നും ശോഭാ സുരേന്ദ്രന്‍

single-img
27 November 2018

പത്തനംതിട്ട: ക്ഷേത്രങ്ങളില്‍ നടവരവ് കുറയ്ക്കുകയെന്നതാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് ശോഭാ സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡിന്റെ ഒരു ക്ഷേത്രങ്ങളിലും കാണിക്കയിടരുതെന്ന് ഭക്തര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

കാണിക്കയിടുന്ന ഭക്തരോട് നീതിപൂര്‍വകമായ സമീപനം സര്‍ക്കാരിനില്ലാത്തതു കൊണ്ടാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പോലീസിനെ നേരിടാന്‍ പരിശീലനം ലഭിച്ചവരെ രംഗത്തിറക്കുമെന്നും പ്രത്യേക പരിശീലനം ലഭിച്ച നിയുക്ത എന്ന ആര്‍എസ്എസ് അംഗങ്ങളെയാണ് രംഗത്തിറക്കുകയെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

അയ്യപ്പഭക്തരെ ഭേദ്യം ചെയ്തു കാട്ടുനീതി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് കര്‍പ്പൂരാഴിയില്‍ ചാടിയാലും അയ്യപ്പശാപത്തില്‍നിന്നു മോചനമുണ്ടാകില്ല. അയ്യപ്പന്റെ പൂങ്കാവനത്തില്‍ ബൂട്ടിട്ട പൊലീസിനെ അയച്ചു സംഘര്‍ഷമുണ്ടാക്കിയ പിണറായിക്ക് അയ്യപ്പന്റെ ശാപം ഏറ്റുകഴിഞ്ഞു.

അയ്യപ്പഭക്തരോടു കാണിച്ച ക്രൂരതയുടെ സര്‍ട്ടിഫിക്കറ്റ് ലോകം പിണറായിക്ക് നല്‍കും. അഭിനവ ഹിരണ്യ കശിപുവായ പിണറായിയെ ജനം തെരുവില്‍ കുറ്റവിചാരണ നടത്തുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

തന്റെ പ്രകടനം മുഖ്യമന്ത്രിയെ കാണിച്ച് താമ്രപത്രം വാങ്ങാനാണ് എസ്പി യതീഷ് ചന്ദ്ര ശബരിമലയില്‍ കാവല്‍ നിന്നത്. ബൂട്ടിട്ട യതീഷിന്റെ കാല്‍ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം. ലാത്തിയേക്കാള്‍ വലിയ ശക്തി ഞങ്ങള്‍ക്കുണ്ട്. ഞങ്ങള്‍ മുറപ്രയോഗം നടത്താന്‍ തീരുമാനിച്ചാല്‍ കാലു പൊന്തിക്കാനാവില്ലെന്നു യതീഷ് ചന്ദ്ര ഓര്‍ക്കണം.

അതുകൊണ്ട് നീതിയും നിയമവും ലംഘിക്കാന്‍ പൊലീസ് വരരുത്. ഭക്തരെ ബൂട്ടിട്ടു ചവിട്ടുന്ന പൊലീസ് രാജ് തുടര്‍ന്നാല്‍ ശബരിമലയില്‍ പണം വരണോയെന്നു നാം ചിന്തിക്കും. ശബരിമലയില്‍ നടവരവ് കുറഞ്ഞിട്ടുണ്ടെങ്കില്‍ സമരത്തിലെ ബിജെപി നിലപാട് ശരിയാണെന്നാണ് അതിനര്‍ഥമെന്നും ശോഭ പറഞ്ഞു.