ചാരക്കേസില്‍ നമ്പി നാരായണനെ ദ്രോഹിക്കാന്‍ ശ്രമിച്ചു; സെന്‍കുമാറിന് വീണ്ടും ‘കുരുക്കിട്ട്’ സര്‍ക്കാര്‍

single-img
27 November 2018

ചാരക്കേസില്‍ നമ്പി നാരായണനെ മുന്‍ ഡി.ജി.പി സെന്‍കുമാര്‍ വേട്ടയാടിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കോടതിയെ തെറ്റിദ്ധരിപ്പിച്ച് തുടരന്വേഷണത്തിന് സെന്‍കുമാര്‍ അനുമതി വാങ്ങി. സി.ബി.ഐ അന്വേഷിച്ച കേസില്‍ വീണ്ടും സെന്‍കുമാര്‍ പുനരന്വേഷണം നടത്തിയെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തുന്നു.

അഡ്മിനിസ്‌ട്രേറ്റ് ട്രൈബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള നമ്പി നാരായണന്റെ ഹര്‍ജിയില്‍ ഏഴാം എതിര്‍കക്ഷിയാണ് സെന്‍കുമാര്‍.നിയമനങ്ങള്‍ക്ക് സെന്‍കുമാര്‍ യോഗ്യനല്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

എന്നാല്‍ സി.ബി.ഐ അന്വേഷിച്ച കേസ് തിരികെ വാങ്ങി പുനരന്വേഷിച്ചത് സര്‍ക്കാര്‍ തീരുമാനമായിരുന്നുവെന്നാണ് സെന്‍കുമാര്‍ പറയുന്നത്. നായനാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് പ്രകാരമാണ് താന്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ചതെന്നും ഇടതു സര്‍ക്കാരിന്റെ ഉത്തരവ് അംഗീകരിച്ചത് കുറ്റമാണോയെന്നും സെന്‍കുമാര്‍ ചോദിക്കുന്നു.

ഉദ്യോഗസ്ഥനെന്ന നിലയില്‍ സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കുകയാണ് ചെയ്തത്. തന്റെ പേരില്‍ മുമ്പ് ചുമത്തിയ കള്ളക്കേസുകള്‍ പോലെ ഇതിനെയും നേരിടും. ഇപ്പോഴത്തെ കേസുകള്‍ക്കായി ചെലവഴിക്കുന്നത് സര്‍ക്കാര്‍ ഫണ്ടാണോ എന്ന കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.