രഹ്ന ഫാത്തിമ അറസ്റ്റിൽ

single-img
27 November 2018

ശബരിമല ദർശനത്തിനെത്തി വിവാദത്തിൽപ്പെട്ട ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. പത്തനംതിട്ട ടൗൺ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കൊച്ചിയിൽ എത്തിയാണു രഹ്നയെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിരുന്നു.

താൻ ഒരു മതവിശ്വാസിയാണ്. അതുകൊണ്ടുതന്നെ തനിക്ക് അവിടെ പോകാനുള്ള അവകാശമുണ്ടായിരുന്നു. താൻ ഒരുതരത്തിലും മതവിശ്വാസത്തെ വ്രണപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും രഹ്ന ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് അനാവശ്യമാണെന്നും യുവതികൾക്കും ശബരിമലയിൽ പോകാമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് വ്രതമെടുത്താണ് ക്ഷേത്രത്തിൽ പോയതെന്നും രഹ്‌ന സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നു.

എന്നാൽ രഹ്നയുടെ സന്ദർശനം ശബരിമലയിൽ ചില പ്രശ്‌നങ്ങളുണ്ടാക്കിയെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലേക്ക് നീങ്ങിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദം അംഗീകരിച്ചായിരുന്നു കോടതി രഹ്‌നയ്ക്ക് ജാമ്യം നിഷേധിച്ചത്. പത്തനംതിട്ട പൊലീസാണ് രഹ്നയ്‌ക്കെതിരെ കേസ് എടുത്തത്.

മതവിശ്വാസത്തെ അവഹേളിക്കാൻ ശ്രമിച്ചെന്നും, സാമൂഹിക മാധ്യമങ്ങൾ വഴി മതവികാരം വ്രണപ്പെടുത്ത ഫേസ്ബുക്ക് പോസ്റ്റുകൾ പ്രസിദ്ധീകരിച്ചെന്നുമാരോപിച്ച് കോട്ടയം തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണമേനോനാണ് രഹ്നയ്ക്ക് എതിരെ പരാതി നൽകിയത്.