രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു

single-img
27 November 2018

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍. ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബി.എസ്.എന്‍.എല്ലില്‍ ടെലികോം ടെക്‌നീഷ്യനായ രഹ്ന ഫാത്തിമ അറസ്റ്റിലായി മണിക്കൂറുകള്‍ക്കുള്ളിലാണ് സര്‍വ്വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

നേരത്തെ, ശബരിമല ദര്‍ശനത്തിന് എത്തി വിവാദത്തില്‍പ്പെട്ടപ്പോള്‍ ഇവരെ രവിപുരം ബ്രാഞ്ചില്‍നിന്ന് പാലാരിവട്ടം ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. ശബരിമല വിഷയത്തോട് അനുബന്ധിച്ച് ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് മതസ്പര്‍ദയുണ്ടാക്കുന്നതാണെന്ന പരാതിയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ രഹ്ന ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തത്.

പത്തനംതിട്ട സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൊച്ചിയിലെത്തി രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്.
ബി.ജെ.പി. നേതാവ് ബി. രാധാകൃഷ്ണമേനോനാണ് രഹ്ന ഫാത്തിമക്കെതിരെ പരാതി നല്‍കിയത്. കേസില്‍ മുന്‍കൂര്‍ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.