ജയിലില്‍ തടവുകാരുടെ ‘വെള്ളമടി’; വീഡിയോ പുറത്ത്: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
27 November 2018

ജയിലിലെ തടവുകാരുടെ മദ്യപാന വീഡിയോ പുറത്ത്. ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലാ ജയിലിലാണ് തടവ് പുള്ളികളുടെ വെള്ളമടി അരങ്ങേറിയത്. വെടിവെപ്പ് കേസില്‍ പിടിയിലായി ജയില്‍ശിക്ഷ അനുഭവിക്കുന്ന അന്‍ഷു ദീക്ഷിത്, സൊഹ്‌റാബ് എന്നിവരും നാല് സഹതടവുകാരുമാണ് വീഡിയോയിലുള്ളത്.

ജയിലിലെ സെല്ലിനകത്ത് ഇവര്‍ മദ്യപിക്കുന്നതും അന്‍ഷു ദീക്ഷിത് ഫോണിലൂടെ മറ്റൊരാളുമായി സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജയിലര്‍ക്ക് പതിനായിരം രൂപയും ഡപ്യൂട്ടി ജയിലര്‍ക്കു 5000 രൂപയും വീട്ടിലെത്തിച്ചു നല്‍കണമെന്നു ഇവര്‍ മൊബൈല്‍ ഫോണിലൂടെ ആരോടോ പറയുന്നതും കേള്‍ക്കാം.

കൂടാതെ തങ്ങള്‍ക്കുള്ള മദ്യവും എത്തിക്കണമെന്നും ആവശ്യപ്പെടുന്നു. വെടിയുണ്ടകളും ഇവരുടെ സമീപത്തായി കാണാം. സഹതടവുകാരില്‍ ആരോ പകര്‍ത്തിയതാണ് വീഡിയോ. സംഗതി പുറത്തായതോടെ സമൂഹമാധ്യമങ്ങളിലൂെട പടര്‍ന്നു. ഇതോടെ ആറ് ജയില്‍ ഉദ്യോഗസ്ഥരെ ബിഹാര്‍ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു.

ജയിലില്‍ നിന്നും ഫോണും സിം കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും നവംബര്‍ രണ്ടിന് ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവന്നതെന്നും വീഡിയോയിലെ തടവുകാരെ നവംബര്‍ 19ന് തന്നെ മറ്റു ജയിലുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായും ജയില്‍ എ.ഡി.ജി.പിയും വ്യക്തമാക്കി.

തടവുകാരുടെ വീഡിയോ വൈറലായതോടെ റായ്ബറേലി ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ പോലീസ് സൂപ്രണ്ടും ജയിലില്‍ പരിശോധന നടത്തി. വിവിധ സെല്ലുകളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന നിരവധി സിഗരറ്റുകള്‍, ലൈറ്ററുകള്‍, മധുരപലഹാരങ്ങള്‍, പഴങ്ങള്‍ തുടങ്ങിയവ പരിശോധനയില്‍ പിടിച്ചെടുത്തു.