സെന്റിനല്‍ ദ്വീപിനുള്ളില്‍ നിന്നും അമ്പുകള്‍ തുരുതുരാ പ്രവഹിക്കാന്‍ തുടങ്ങി: ഹെലികോപ്ടര്‍ തകരുമോയെന്ന് ഭയപ്പെട്ടു; അന്നത്തെ രക്ഷാ ദൗത്യത്തെക്കുറിച്ച് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡന്റിന്റെ വെളിപ്പെടുത്തല്‍

single-img
27 November 2018

രക്ഷാദൗത്യത്തിന്റെ ഭാഗമായാണ് 12 വര്‍ഷം മുന്‍പ് കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡന്റ് പ്രവീണ്‍ ഗൗര്‍ സെന്റിനല്‍ ദ്വീപിലെത്തിയത്. പോര്‍ട്ട് ബ്ലെയറിലെ ഒരു ഗ്രാമത്തില്‍ നിന്നും മോട്ടോര്‍ ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയ രണ്ട് മല്‍സ്യത്തൊഴിലാളികളെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്നായിരുന്നു അത്.

നോര്‍ത്ത് സെന്റിനല്‍ ദ്വീപിന് സമീപം വ്യോമനിരീക്ഷണം നടത്തുന്നതിനിടയിലാണ് ദ്വീപിനോട് ചേര്‍ന്ന് ഒരു ബോട്ട് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ ഹെലികോപ്ടര്‍ താഴ്ന്നു പറത്തി അവര്‍ ബോട്ടിനടുത്തേക്ക് എത്തി. എന്നാല്‍ ഹെലികോപ്ടര്‍ നിലം തൊടാനൊരുങ്ങുന്നതിനിടെ പെട്ടെന്ന് ദ്വീപിനുള്ളില്‍ നിന്നും അമ്പുകള്‍ പ്രവഹിക്കാന്‍ തുടങ്ങി. ബോട്ടിനടുത്തേക്ക് കുതിച്ചെത്തിയ സെന്റിനല്‍ നിവാസികള്‍ ഹെലികോപ്ടര്‍ ലക്ഷ്യമാക്കി തുടരെ അമ്പെയ്ത്തു. നൂറടി ഉയരത്തില്‍ വരെ ആ അമ്പുകള്‍ എത്തി.

തുരുതുരാ വരുന്ന അമ്പുകള്‍ ഹെലികോപ്ടറിന്റെ പ്രൊപ്പലറില്‍ കുടുങ്ങി അപകടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഞങ്ങള്‍ പെട്ടെന്ന് തന്നെ അവിടെ നിന്നും പറന്നു. അവരെ അവിടെ നിന്നും മാറ്റാതെ ബോട്ടും പരിസരവും പരിശോധിക്കാന്‍ സാധിക്കില്ലെന്ന് മനസ്സിലായി. തീരത്തോട് ചേര്‍ന്ന് ഹെലികോപ്ടര്‍ പറത്തി.

ഹെലികോപ്ടറിനെ പിന്തുടര്‍ന്ന് കൊണ്ട് അവര്‍ തീരത്ത് കൂടെ ഓടി. ബോട്ട് നില്‍ക്കുന്ന ഇടത്ത് നിന്ന് ഏതാണ്ട് ഒന്നരകിലോമീറ്ററോളം അവരെ കൊണ്ടു വന്ന ശേഷം ഞാന്‍ പെട്ടെന്ന് ഹെലികോപ്ടര്‍ തിരിച്ചു വിട്ടു. ദ്വീപുകാര്‍ എത്തും മുന്‍പ് ബോട്ടിനടുത്ത് എത്തി പരിശോധന നടത്തി.

അപ്പോഴാണ് കടല്‍ക്കരയില്‍ രണ്ട് മണല്‍കൂനകള്‍ കാണുന്നത്. കാണാതായ മല്‍സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങളായിരുന്നു ആ മണല്‍ക്കൂനയില്‍. പക്ഷേ ഒരാളുടെ മൃതദേഹം വീണ്ടെടുക്കുമ്പോഴേക്കും നിവാസികള്‍ തിരിച്ചെത്തിയിരുന്നു. ഉടന്‍ തന്നെ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ഹെലികോപ്ടറിലേക്ക് കയറ്റി ഞങ്ങള്‍ പറന്നുയര്‍ന്നു.

രണ്ടാമത്തെ ആളുടെ മൃതദേഹവും വീണ്ടെടുക്കണം എന്ന നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ വീണ്ടും സെന്റിനല്‍ ദ്വീപിലേക്ക് തിരികെ പറന്നു. എന്നാല്‍ ഇക്കുറി സെന്റിനല്‍ ദ്വീപ് നിവാസികള്‍ കൂടുതല്‍ കരുത്തരായിരുന്നു. സംഘങ്ങളായി തിരിഞ്ഞയിരുന്നു അവരുടെ ആക്രമണം.

ഒരു സംഘം ഹെലികോപ്ടറിനെ പിന്തുടര്‍ന്ന് അമ്പെയ്ത്തു. അടുത്ത സംഘം ബോട്ടിനും കുഴിമാടത്തിനും കാവലിരുന്നു. ഒരുപാട് സമയം ദ്വീപിനും ചുറ്റും പറന്ന് അവരുടെ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലിച്ചില്ല. ഒടുവില്‍ പരാജയം സമ്മതിച്ചു തിരിച്ചുപോകേണ്ടി വന്നു.

പിന്നീട് ആ മല്‍സ്യത്തൊഴിലാളിയുടെ മൃതദേഹം വീണ്ടെടുക്കാനായില്ലെന്നും പ്രവീണ്‍ ഗൗര്‍ പറഞ്ഞു. പ്രതികൂല കാലാവസ്ഥ വകവയ്ക്കാതെ നടത്തിയ സാഹസിക രക്ഷാപ്രവര്‍ത്തനത്തിലൂടെ കടലില്‍ കുടുങ്ങി പോയ മറ്റു രണ്ട് മത്സ്യത്തൊഴിലാളികളെ കൂടി രക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചു. സാഹസികമായ ഈ രക്ഷാദൗത്യത്തിന്റെ പേരില്‍ 2006ലെ സ്വാതന്ത്യദിനത്തില്‍ തന്ത്രക്ഷക് പുരസ്‌കാരം നല്‍കി രാഷ്ട്രം ഗൗറിനേയും സംഘത്തേയും ആദരിച്ചിരുന്നു.

നോര്‍ത്ത് സെന്റിനല്‍ ദ്വീപിനെക്കുറിച്ച് അറിഞ്ഞ ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥന്റെ ചെയ്തികളാണ് തലമുറകള്‍ കഴിഞ്ഞിട്ടും സെന്റിനലീസിനെ ‘മനുഷ്യ’ വിരോധികളാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് എന്ന് ചരിത്ര രേഖകളില്‍ പറയുന്നു. മോറിസ് വിദല്‍ പോര്‍ട്ട്മാന്‍ എന്ന ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥന്‍ ദ്വീപുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ദ്വീപിലെത്തിയ ഇയാള്‍ ഗോത്രവര്‍ഗ്ഗക്കാരിലെ വൃദ്ധരായ ദമ്പതികളെയും നാല് കുട്ടികളെയും തട്ടിക്കൊണ്ടുപോയി മറ്റൊരു ദ്വീപില്‍ പാര്‍പ്പിച്ചു. എന്നാല്‍ പ്രതിരോധശക്തി ഇല്ലാത്തതിനാല്‍ ദമ്പതികള്‍ അസുഖം പിടിപെട്ട് മരിച്ചു.

ഇതോടെ കുട്ടികളെ തിരികെ സെന്റിനല്‍ ദ്വീപിലെത്തിച്ചു. എന്നാല്‍ ആ തട്ടിക്കൊണ്ടുപോകല്‍ ദ്വീപുനിവാസികളിലുണ്ടാക്കിയ ആഘാതം ചെറുതല്ല. അതുതന്നെയാകാം പുറത്തുനിന്നെത്തുന്ന മനുഷ്യരെ ഇത്രമേല്‍ പ്രതിരോധിക്കാനും ആക്രമിക്കാനും അവരെ പ്രേരിപ്പിക്കുന്നത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ പരീക്ഷണം വന്‍ പരാജയമായിരുന്നെന്ന് 1899ല്‍ എഴുതിയ പുസ്തകത്തില്‍ പോര്‍ട്ട്മാന്‍ തന്നെ കുറ്റബോധത്തോടെ സമ്മതിക്കുന്നുണ്ട്. അവര്‍ക്കിപ്പോഴും റോന്തു ചുറ്റുന്ന കപ്പലുകളും ബോട്ടുകളും അതിലെത്തുന്ന മനുഷ്യരും തങ്ങളെ തട്ടിക്കൊണ്ടുപോകാന്‍ എത്തുന്നവരാണ്. തലമുറകള്‍ കൈമറിഞ്ഞു കിട്ടിയ ആ ഭയമാണ് ദ്വീപിന് പുറത്തുനിന്നുള്ളവരെ അമ്പെയ്തും കുന്തമെറിഞ്ഞും സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത്.

കൈകൊടുത്തല്ല സെന്റിനല്‍ ദ്വീപിലെ ഗോത്രവര്‍ഗ്ഗക്കാര്‍ പരസ്പരം അഭിവാദ്യം ചെയ്യാറ്. പരസ്പരം മടിയില്‍ കയറിയിരുന്ന് അവനവന്റെ പുറത്തുതട്ടിയാണ് ഇവര്‍ അഭിവാദ്യവും ആശംസകളും കൈമാറുന്നത്. പക്ഷേ ഇത് ദ്വീപിലുള്ളവരോട് മാത്രമാണെന്ന് മാത്രം. പുറത്തുനിന്നാരെങ്കിലും എത്തിയാല്‍ അമ്പുകള്‍ കൊണ്ടാകും അവര്‍ പ്രതിരോധിക്കുക.

അമ്പതിനായിരത്തോളം വര്‍ഷം മുമ്പുതന്നെ സെന്റിനല്‍ ദ്വീപില്‍ മനുഷ്യര്‍ വാസം തുടങ്ങിയെന്നാണ് കരുതപ്പെടുന്നത്. നീഗ്രോ വിഭാഗക്കാരാണ് നോര്‍ത്ത് സെന്റിനല്‍ ദ്വീപിലെ ജനങ്ങള്‍. ഇന്ത്യയെ കോളനിയാക്കിയ ബ്രിട്ടീഷുകാരാണ് സെന്റിനല്‍ ദ്വീപ് അടക്കമുള്ള ആന്‍ഡമാന്‍ ദ്വീപുകളെക്കുറിച്ച് ആധുനിക ലോകത്തെ കൂടുതലായി അറിയിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിലായിരുന്നു അത്.

ബ്രിട്ടീഷുകാര്‍ എത്തുമ്പോള്‍ എണ്ണായിരത്തോളം ഗോത്രവര്‍ഗ്ഗക്കാര്‍ നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ മാത്രമായി ഉണ്ടായിരുന്നെന്നാണ് കരുതപ്പെടുന്നത്. ദീര്‍ഘമായുള്ള ഏകാന്ത വാസവും അസുഖങ്ങളും മൂലം ഇവരുടെ ജനസംഖ്യ വളരെയധികം കുറഞ്ഞിട്ടുണ്ട്.

ഏറ്റവും ഒടുവിലെ സെന്‍സസ് പ്രകാരം നൂറില്‍ താഴെ പേരാണ് സെന്റിനല്‍ ദ്വീപിലുള്ളതെന്നാണ് കരുതുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളും നിരീക്ഷണ ബോട്ടുകളില്‍ നിന്നും മറ്റും എടുത്ത ചിത്രങ്ങളും മാത്രം അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്കെടുപ്പ്. അതുകൊണ്ടുതന്നെ ഇത് പൂര്‍ണ്ണമായും ശരിയാകാനിടയില്ല.

ഇന്ത്യന്‍ നരവംശശാസ്ത്രജ്ഞനായ ടി.എന്‍ പണ്ഡിറ്റ് 1967 മുതല്‍ 1991 വരെയുള്ള കാലയളവില്‍ ഈ ഗോത്രവര്‍ഗ്ഗത്തെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയിരുന്നു. അന്ന് പണ്ഡിറ്റ് ശേഖരിച്ച ചിത്രങ്ങളും ദൃശ്യങ്ങളുമാണ് സെന്റിനലീസ് എന്ന് പുറം ലോകം വിളിക്കുന്ന ഇവരെക്കുറിച്ചുള്ള ഏറ്റവും ആധികാരികമായ വിവരങ്ങള്‍. സെന്റിനല്‍ ഗോത്രവിഭാഗക്കാരെ എങ്ങനെ സംരക്ഷിക്കാമെന്ന ചോദ്യത്തിന് ‘അവരെ വെറുതെ വിട്ടാല്‍ മതി, അവര്‍ ഏകാന്തത ആഗ്രഹിക്കുന്നു’വെന്നാണ് ടി.എന്‍ പണ്ഡിറ്റ് തന്നെ പറഞ്ഞത്.

സെന്റിനല്‍ ദ്വീപില്‍ തെങ്ങ് വളരുകയില്ല. എന്നാല്‍ തേങ്ങയെ അവര്‍ വിശിഷ്ട വസ്തുവായാണ് കരുതുന്നത്. സമ്മാനമായി തേങ്ങ നല്‍കിയാണ് പണ്ഡിറ്റും സംഘവും ഈ ഗോത്രവിഭാഗക്കാരുമായി അടുത്തത്. അന്നത്തെ പര്യവേഷണ സംഘത്തിന്റെ കയ്യില്‍ നിന്നും തേങ്ങ നേരിട്ട് വാങ്ങാന്‍ വരെ ഇവര്‍ തയ്യാറായിരുന്നു.