പി.സി. ജോര്‍ജ്ജ് ബിജെപി പാളയത്തിലേയ്ക്ക്; പത്തനംതിട്ടയില്‍ ഷോണ്‍ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയായേക്കും

single-img
27 November 2018

പി.സി. ജോര്‍ജിന്റെ കേരളാ ജനപക്ഷം ബിജെപി നയിക്കുന്ന എന്‍ഡിഎയിലേക്കെന്നു സൂചന. ശബരിമല വിഷയത്തില്‍ പി. സി ജോര്‍ജ് സ്വീകരിച്ച നിലപാടാണ് ജനപക്ഷത്തിലേക്ക് ബി.ജെ.പിയെ അടുപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം പൂഞ്ഞാര്‍ പഞ്ചായത്തില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പിന്തുണയോടെ ജനപക്ഷം സ്ഥാനാര്‍ത്ഥി ജയിച്ചിരുന്നു. പി.സി.ജോര്‍ജ് എന്‍ഡിഎയിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു പഞ്ചായത്ത് തലത്തിലെ സഖ്യം.

ബി.ജെ.പിയുമായി സഹകരിക്കുന്നതില്‍ തെറ്റൊന്നും ഇല്ലെന്നാണ് പി.സിയുടെ നിലപാട്. എന്നാല്‍ നിലവില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് പി.സി ജോര്‍ജ് പറയുന്നത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാകുബോള്‍ ഇക്കാര്യത്തില്‍ കുറച്ച് കൂടി വ്യക്തത വരുമെന്നാണ് സൂചന.

അടുത്തകാലത്തുയര്‍ന്ന ചില സാമുദായിക സംഭവവികാസങ്ങളില്‍ സ്വീകരിച്ച നിലപാടിന് ലഭിച്ച പിന്തുണ കൂടി പരിഗണിച്ചാണ് എന്‍ഡിഎയിലേക്ക് ചേക്കേറാമെന്ന ചിന്ത ജോര്‍ജിനുണ്ടായത്. അതേസമയം ഏത് വിധേനയും കേരളത്തില്‍ സീറ്റ് നേടുക എന്ന ലക്ഷ്യമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനുള്ളത്.

ഈ സാഹചര്യത്തിലാണ് മധ്യ കേരളത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സ്വാധീനമുളള സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി തിരയുന്നത്. കൂടാതെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ വോട്ടും പി.സി ജോര്‍ജിന് ലഭിക്കുമെന്ന കണക്ക് കൂട്ടലുമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ സ്ഥാനാര്‍ഥികളെ രംഗത്തിറക്കുമെന്ന് ജോര്‍ജ് പ്രഖ്യാപിച്ചിരുന്നു.

എന്‍ഡിഎ ഘടകകക്ഷി ആയാല്‍ പത്തനംതിട്ടയില്‍ മകന്‍ ഷോണ്‍ ജോര്‍ജിനെ രംഗത്തിറക്കി പോരാടാനാണ് പാര്‍ട്ടിയില്‍ ധാരണയായിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം സീറ്റുകള്‍ക്കു പുറമെ ചാലക്കുടി, തിരുവനന്തപുരം സീറ്റുകളാണ് കേരളാ ജനപക്ഷം മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്. പൂഞ്ഞാര്‍ ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ സാമുദായിക ഘടന ഇപ്പോഴത്തെ സാഹചര്യത്തില്‍ നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ജനപപക്ഷം.

ബുധനാഴ്ച തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഇക്കാര്യങ്ങളില്‍ ചര്‍ച്ച നടത്തും. പി.സി. തോമസ് ഇടുക്കിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കുമെന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ആ സീറ്റ് ജോര്‍ജ് ആവശ്യപ്പെടില്ല. ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ പച്ചക്കൊടി കാട്ടിയാല്‍ ജനപക്ഷവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം ഉടന്‍ ചര്‍ച്ച നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.