ബിജെപിക്കൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ എന്ത് തെറ്റെന്ന് പി.സി.ജോര്‍ജ്; ‘നിയമസഭയില്‍ ഒ.രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം’

single-img
27 November 2018

തിരുവനന്തപുരം: നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. എംഎല്‍എ ഒ.രാജഗോപാലിനൊപ്പം നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കുന്നത് ആലോചിക്കും. ബിജെപി സഹകരണത്തില്‍ മഹാപാപമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. പി.എസ് ശ്രീധരന്‍ പിള്ളയുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് ധാരണ.

എന്നാല്‍ ബിജെപിയുമായി നീക്കുപോക്കുകള്‍ ആകുമെന്നതിന് ബിജെപിയില്‍ ചേരുമെന്നല്ല അര്‍ത്ഥമെന്നും ജനപക്ഷം എന്ന പ്രസ്ഥാനം ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജെപിക്കാര്‍ കുഴപ്പക്കാരാണെന്ന് തോന്നിയിട്ടില്ല.

കോണ്‍ഗ്രസ്-സിപിഎം വോട്ട് കച്ചവടം നിര്‍ത്തുകയാണ് ലക്ഷ്യം. നിയമസഭയില്‍ തനിക്ക് സഹകരിക്കാന്‍ കഴിയുന്നത് ഒ. രാജഗോപാലുമായി മാത്രം. എല്ലാ പാര്‍ട്ടികളുമായി സഖ്യത്തിനായി ശ്രമിച്ചു. പ്രതികരിച്ചത് ബിജെപി മാത്രമാണ്. ബിജെപിയില്‍ ചേരില്ല, സഹകരണം മാത്രമെന്നും പി.സി ജോര്‍ജ് വിശദീകരിച്ചു. പിണറായി വിജയന്റെയത്ര വര്‍ഗീയവാദികളല്ല ബിജെപിക്കാരെന്നും ജോര്‍ജ് പരിഹസിച്ചു.

ശബരിമലയുടെ പരിപാവനത നിലനിര്‍ത്താന്‍ ബിജെപിയാണ് ശക്തമായ നിലപാട് എടുത്തത്. കോണ്‍ഗ്രസിന് വലിയ സത്യസന്ധത ഉണ്ടായിരുന്നില്ല. പിണറായിയുടെ നേതൃത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വാസികളെ അടിച്ച് തകര്‍ക്കുന്നു. വസ്ത്രമുടുക്കാതെ റോഡിലൂടെ നടക്കുന്ന സ്ത്രീകള്‍ക്ക് അയ്യപ്പനെ കാണാന്‍ പൊലീസ് സംരക്ഷണം കൊടുക്കുന്നു.

ഈ വൃത്തികേട് കാണിക്കുന്ന ഇടതുപക്ഷവുമായി യാതൊരു ബന്ധവുമില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. നേരത്തെ ശബരിമല വിഷയത്തില്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് പി.സി.ജോര്‍ജ് രംഗത്തു വരികയും നാമജപപ്രതിഷേധങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഹകരിക്കാന്‍ ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടി തീരുമാനിച്ചിരുന്നു. ശബരിമല വിഷയം പശ്ചാത്തലമാക്കി ബിജെപിയിലേക്ക് പി.സി.ജോര്‍ജ് അടുക്കുന്നു എന്ന പ്രചാരങ്ങള്‍ക്കിടയിലാണ് നിയമസഭയില്‍ ബിജെപിക്കൊപ്പം നില്‍ക്കാനുള്ള ജോര്‍ജിന്റെ തീരുമാനം.

പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ തേടി ബി.ജെ.പി. പി.സി ജോര്‍ജിന്റെ ജനപക്ഷത്തെ അടക്കം കൊണ്ടുവന്ന് സീറ്റ് നേടാനുളള ശ്രമമാണ് ബി.ജെ.പി നേതൃത്വം നടത്തുന്നത്. ഏത് വിധേനയും കേരളത്തില്‍ സീറ്റ് നേടുക എന്ന ലക്ഷ്യമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനുള്ളത്. ഈ സാഹചര്യത്തിലാണ് മധ്യ കേരളത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സ്വാധീനമുളള സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി തിരയുന്നത്.