കെ.എം. ഷാജിക്ക് എംഎല്‍എ ആയി തുടരാം; അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

single-img
27 November 2018

കെ.എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ ഷാജി നല്‍കിയ അപ്പീലില്‍ തീരുമാനം വരുംവരെയാണ് സ്റ്റേ അനുവദിച്ചിട്ടുള്ളത്. 2019 ജനുവരിയിലാണ് ഷാജിയുടെ അപ്പീല്‍ പരിഗണിക്കുന്നത്.

അതുവരെ ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം. എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാനാവില്ല. കെ.എം ഷാജി നിയമസഭാംഗം അല്ലാതായെന്ന് വ്യക്തമാക്കി നിയമസഭാ സെക്രട്ടറി ഇന്നലെ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 24ാം തീയതിയാണ് അറിയിപ്പ് പുറത്തിറക്കിയത്. സുപ്രീംകോടതി സ്റ്റേ ഷാജിക്ക് ആശ്വാസം പകരുന്നതാണ്.

ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു കെ എം ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച ഇക്കാര്യം പരാമര്‍ശിച്ചപ്പോള്‍ സ്റ്റേ ആവശ്യം പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചിരുന്നു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെന്നും എന്നാല്‍ നിയസഭാംഗം എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടാകില്ലെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു. എന്നാല്‍ ഇത് രേഖാമൂലം നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് ഷാജി എംഎല്‍എ അല്ലാതായി എന്ന് വ്യക്തമാക്കി നിയമസഭാ സെക്രട്ടറി അറിയിപ്പ് പുറത്തിറക്കിയത്. ഹൈക്കോടതിയുടെ സ്റ്റേ കാലാവധി കഴിഞ്ഞ കാര്യവും അറിയിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.