ബി.ജെ.പിയുടെ വാഗ്ദാനം പാഴായി; ദേശീയപാത കീഴാറ്റൂര്‍ വയലിലൂടെ തന്നെ; നിർമ്മാണ നടപടികളുമായി കേന്ദ്രം മുന്നോട്ട്

single-img
27 November 2018

കീഴാറ്റൂരില്‍ ദേശീയപാത ബൈപ്പാസ് വയലിലൂടെ തന്നെ നിര്‍മിക്കാന്‍ തീരുമാനം. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ദേശീയപാതാ അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചു. ഏറ്റെടുത്ത ഭൂമിയുടെ രേഖകളുമായി ഉടമകള്‍ ഹാജരാകണം. ജനുവരി 11 വരെയാണ് രേഖകളുമായി ഹാജരാകാനുള്ള സമയം. ഇതോടെ ബദല്‍സാധ്യത പരിശോധിക്കുമെന്ന കേന്ദ്രത്തിന്‍റെ ഉറപ്പ് പാഴായി.

ബദല്‍ പാതകള്‍ക്കായുള്ള സാധ്യത പരിഗണിക്കല്‍ ഒരു ഘട്ടം വരെ എത്തിയ ശേഷമാണ് കേന്ദ്രം നടപടികളുമായി മുന്നോട്ട് പോകുന്നത്. വയലും തണ്ണീര്‍ത്തടങ്ങളും ഒഴിവാക്കി അലൈൻമെന്‍റ് പുതുക്കണമെന്ന് വയൽക്കിളികളുടെയും ബി.ജെ.പി നേതാക്കളുടെയും ആവശ്യം പരിഗണിച്ച് കീഴാറ്റൂരിൽ ബദൽ പാത സാധ്യത തേടാൻ സാങ്കേതിക സമിതിയെ നിയോഗിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

പാത കീഴാറ്റൂരിലൂടെ കടന്ന് പോകുന്നത് പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്നും മറ്റ് ബദലുകൾ ഇല്ലെങ്കിൽ മാത്രമേ ഈ അലൈൻമെന്‍റ് പരിഗണിക്കാവൂ എന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. എന്നാല്‍ അന്തിമവിജ്ഞാപനം വന്നതോടെ വയല്‍ക്കിളികള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാഴാവുകയായിരുന്നു.

അന്തിമവിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തില്‍ ഇനി സമരവുമായി മുന്നോട്ടുപോകാനാകില്ലെന്ന് വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇനിയെന്തു നടപടി സ്വീകരിക്കും എന്നതിനെ കുറിച്ച് കൂടിയാലോചിക്കാന്‍ ചൊവ്വാഴ്ച വൈകുന്നേരം യോഗം ചേരുമെന്നും സുരേഷ് അറിയിച്ചു.

കീഴാറ്റൂര്‍ വയലിലൂടെയുള്ള ബൈപ്പാസ് നിര്‍മാണത്തിനെതിരെ പ്രാദേശിക കൂട്ടായ്മയായ ‘വയല്‍ക്കിളികള്‍’ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് പ്രതിഷേധത്തിന് പിന്തുണയുമായി ബി ജെ പിയും രംഗത്തെത്തി. വിജ്ഞാപനം മരവിപ്പിക്കുമെന്നായിരുന്നു ബി ജെ പി നിലപാട് സ്വീകരിച്ചിരുന്നത്.

തുടര്‍ന്ന് ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട ത്രീഡി നോട്ടിഫിക്കേഷന്‍ പുറത്തെത്തിയ സമയത്ത് വയല്‍ക്കിളി സമരസമിതി നേതാക്കളായ മമ്പറം ജാനകിയെയും സുരേഷ് കീഴാറ്റൂരിനെയും ബി ജെ പി സംഘം ഡല്‍ഹിയിലെത്തിച്ചു. ഇവരും ബി ജെ പി നേതാക്കളും ഉള്‍പ്പെട്ട സംഘം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തുകയും ത്രീഡി നോട്ടിഫിക്കേഷന്‍ മരവിപ്പിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.