‘വിഘടനവാദി നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു’; മോദി സര്‍ക്കാരിനെ വെട്ടിലാക്കി ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തല്‍

single-img
27 November 2018

പിഡിപിയും നാഷനല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിയമസഭ പിരിച്ചുവിട്ട ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മലികിന്റെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്. ആശയപരമായി വിരുദ്ധ നിലപാടുകളുള്ള പാര്‍ട്ടികള്‍ ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുന്നത് ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങള്‍ക്ക് അനുകൂലമാകില്ലെന്ന വിലയിരുത്തലാണ് ഗവണറെ ഈ സാഹചര്യത്തിലേക്ക് നയിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

നിയമസഭ പിരിച്ചുവിട്ട നടപടിയെ ഗവര്‍ണര്‍ ന്യായീകരിക്കുകയും ചെയ്തിരുന്നു. കുത്തഴിഞ്ഞ അവസ്ഥയില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. കുതിരക്കച്ചവടം നടക്കാനിടയുണ്ടെന്ന് വ്യക്തമായതിനാലാണ് സഭ പിരിച്ചുവിട്ടത്. സര്‍ക്കാരുണ്ടാക്കുമെന്ന് സമൂഹ മധ്യമങ്ങളിലൂടെ അറിയിക്കുന്നതല്ല നടപടിക്രമമെന്നും ഗവര്‍ണര്‍ വിശദീകരിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി ഗവര്‍ണര്‍ സത്യപാല്‍ മലികിന്റെ പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്. വിഘടനവാദി നേതാവ് സജാദ് ലോണിനെ മുഖ്യമന്ത്രിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എക്കാലത്തും തന്റെ പേര് ചീത്തയാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ പിരിച്ചുവിട്ടത് നിര്‍ദേശം മറികടന്നെന്നും ഗവര്‍ണര്‍ പറയുന്നുണ്ട്. അതിനിടെ, തിരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്.