ഇത് ചരിത്ര നിമിഷം; ചൊവ്വയില്‍ ഇന്‍സൈറ്റ് സുരക്ഷിതമായി ഇറങ്ങി

single-img
27 November 2018

നാസയുടെ പുതിയ ചൊവ്വാ ദൌത്യം വിജയകരം. നാസ വിക്ഷേപിച്ച പുതിയ പേടകം ഇന്‍സൈറ്റ് സുരക്ഷിതമായി ചൊവ്വയുടെ ഉപരിതലത്തില്‍ തൊട്ടു. ഇന്നലെ രാത്രിയാണ് ഇന്‍സൈറ്റ് ചൊവ്വയുടെ ഉപരിതലത്തില്‍ തൊടുന്നത്. ഇനി അടുത്ത രണ്ട് വര്‍ഷത്തേക്ക് ചൊവ്വയില്‍ നിന്നുള്ള അതിസൂക്ഷ്മ പ്രതലങ്ങളുടെ വിവരങ്ങളും ചിത്രങ്ങളും ഇന്‍സൈറ്റ് നല്‍കും. ലാന്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ചൊവ്വയുടെ ഉപരിതലത്തിലെ മണ്ണിന്റെ ചിത്രം ഇന്‍സൈറ്റ് ഭൂമിയിലേക്ക് അയച്ചു. 360 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. കഴിഞ്ഞ മെയില്‍ കാലിഫോര്‍ണിയയില്‍ നിന്നാണ് ഇന്‍സൈറ്റ് വിക്ഷേപിച്ചത്.

പേടകം വിക്ഷേപിച്ചതുമുതലുള്ള ഏഴുമാസത്തെ കാത്തിരിപ്പിനേക്കാള്‍ പിരിമുറുക്കമായിരുന്നു ചൊവ്വാഴ്ച പുലര്‍ച്ചെ 1.23 മുതല്‍ 1.30 വരെയുള്ള ഏഴ് മിനിറ്റ് സമയം. അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതു മുതല്‍ പ്രതലം തൊട്ട് പേടകത്തിന്റെ സൗരോര്‍ജ്ജ പാനലുകള്‍ നിവരുന്നതുവരെയുള്ള ഏഴ് നിര്‍ണായക മിനിറ്റുകള്‍. ഒടുവില്‍ പ്രതലം തൊട്ടുവെന്ന് സ്ഥിരീകരിച്ച് പേടകത്തില്‍ നിന്നുള്ള ബീപ്പ് ശബ്ദം നാസയിലെത്തിയതോടെ നിറഞ്ഞ ആശ്വാസം. കാരണം ചൊവ്വാ ദൗത്യങ്ങളില്‍ 40 ശതമാനം മാത്രമാണ് ഇതുവരെ വിജയം കണ്ടിട്ടുള്ളത് എന്നതു തന്നെ

54.8 കോടി കിലോമീറ്റര്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ചശേഷമാണ് 360 കിലോഗ്രാം ഭാരമുള്ള ഇന്‍സൈറ്റ് ചൊവ്വയുടെ അന്തരീക്ഷത്തിനുമുകളിലെത്തുന്നത്.
ഏതാണ്ട് 19,800 കിലോമീറ്റര്‍ വേഗത്തില്‍ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച പേടകം വാതകങ്ങളുമായുള്ള ഘര്‍ഷണത്തില്‍ ഏതാണ്ട് 500 ഡിഗ്രി സെല്‍ഷ്യസ് ചൂടായിരുന്നു. നിലംതൊടാന്‍ മൂന്നുമിനിറ്റും ഏഴുസെക്കന്‍ഡുമുള്ളപ്പോള്‍ പേടകത്തില്‍ പിടിപ്പിച്ച പാരച്യൂട്ട് വിടര്‍ന്നു. അത് പേടകത്തിന്റെ വേഗം കുറച്ചു. തറയില്‍നിന്നും 11.26 കിലോമീറ്റര്‍ ഉയരത്തിലായിരുന്നു അപ്പോള്‍.

ഈ ഘട്ടത്തെക്കുറിച്ച് നാസയ്ക്ക് ആശങ്കയുണ്ടായിരുന്നെങ്കിലും വിജയകരമായി പൂർത്തീകരിക്കാനായി. 1500 ഡിഗ്രി സെൽഷ്യസ് ചൂട് ദൗത്യത്തിൽ ഉടലെടുത്തെങ്കിലും താപകവചം ഇതിനെ നേരിട്ടു. ചൊവ്വാ ഗ്രഹത്തിന്റെ ആന്തരികഘടനയെക്കുറിച്ചുള്ള നിർണായകവിവരങ്ങൾ ദൗത്യം നൽകുമെന്നാണു പ്രതീക്ഷ. ചൊവ്വയുടെ കമ്പനങ്ങളും അളക്കും. റൈസ് ക്യാമറ, സീസ് കമ്പമാപിനി, എച്ച്പി3 താപമാപിനി തുടങ്ങിയ ഉപകരണങ്ങൾ ദൗത്യത്തിനൊപ്പമുണ്ട്.