ശബരിമലയില്‍ ജഡ്ജിയെ പൊലീസ് അപമാനിച്ചു; കേസെടുക്കാത്തത് കഴിവു കേടായി കാണരുതെന്ന് ഹൈക്കോടതി

single-img
27 November 2018

ശബരിമലയില്‍ ഹൈക്കോടതി ജഡ്ജിയെ ഐപിഎസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചതായി ഹൈക്കോടതി. ശബരിമല കേസ് പരിഗണിക്കുന്നതിനിടെയാണ് ദേവസ്വം ബഞ്ചിന്റെ പരാമര്‍ശം. അതേസമയം ജഡ്ജി താല്‍പര്യപ്പെടാത്തതിനാല്‍ കേസെടുക്കുന്നില്ല.

അത് ബലഹീനതയാണെന്നു കരുതേണ്ടതില്ല. ചില പൊലീസ് ഉദ്യോഗസ്ഥര്‍ പൊലീസിനു തന്നെ ചീത്തപ്പേരുണ്ടാക്കിയിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥന്‍ കണ്ണുനിറഞ്ഞ് വിശദീകരിച്ചതിനാല്‍ നടപടി എടുക്കുന്നില്ലെന്നും കോടതി പറഞ്ഞു. ശബരിമലയില്‍ എന്തിനാണു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് എന്നതിന് സര്‍ക്കാര്‍ കൃത്യമായ വിശദീകരണം ഇതുവരെയും നല്‍കിയിട്ടില്ല.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ എന്തു സൗകര്യമാണ് അവിടെ ഒരുക്കിയിട്ടുള്ളതെന്നു ചോദിച്ച കോടതി, അന്നദാന കൗണ്ടര്‍ നിര്‍ത്തലാക്കിയത് എന്തിനെന്നു വിശദീകരിച്ചില്ലെന്നും പറഞ്ഞു. സ്ഥാപിത താല്‍പര്യക്കാര്‍ ശബരിമലയില്‍ എത്തിയിട്ടുണ്ടെന്ന എജിയുടെ വിശദീകരണം അംഗീകരിക്കുന്നതായി കോടതി വ്യക്തമാക്കി. യഥാര്‍ഥ ഭക്തര്‍ക്ക് ശബരിമലയില്‍ എത്താന്‍ തടസ്സമില്ലെന്ന് എജി വിശദീകരിച്ചു.

ക്രമസമാധാന പ്രശ്‌നങ്ങളുള്ള സാഹചര്യങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ പൊലിസിന് ആവശ്യപ്പെടാം. ക്രമസമാധാനം തകരുമോയെന്ന് പറയാന്‍ പൊലീസിനു മാത്രമാണ് അധികാരമെന്ന് സുപ്രിംകോടതി വിധി ഉദ്ധരിച്ച് എ.ജി പറഞ്ഞു. പ്രതിഷേധം മൂലം ഒരു യുവതിക്കും ഇതുവരെ പ്രവേശിക്കാനായിട്ടില്ലെന്നും എ.ജിയുടെ വിശദീകരിച്ചു. ശബരിമലയിലെ അതിക്രമം സംബന്ധിച്ച സ്‌പെഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ വായിച്ചു.

കഴിഞ്ഞയാഴ്ച ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തിയ ഹൈക്കോടതി ജഡ്ജിയുടെ കാര്‍ ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര തടഞ്ഞതായും ജഡ്ജി വിളിച്ചു ശാസിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.