പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുരേന്ദ്രന് ജാമ്യം; പൊലീസിന്റെ ഭാഗത്ത് നിന്ന് കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഉണ്ടാകുന്നതെന്ന് സുരേന്ദ്രന്‍

single-img
26 November 2018

ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുഭീഷിനെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ഫെയ്‌സ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. അടുത്തവര്‍ഷം ഫെബ്രുവരി 14ന് കേസില്‍ വീണ്ടും ഹാജരാകണമെന്നും കോടതി അറിയിച്ചു.

അതേസമയം, സുരേന്ദ്രന്റെ പേരില്‍ വധശ്രമക്കേസുള്ളതിനാല്‍ ജയിലില്‍നിന്ന് അദ്ദേഹത്തിന് ഉടന്‍ പുറത്തിറങ്ങാന്‍ സാധിക്കില്ല. ശബരിമല സന്നിധാനത്ത് ചിത്തിര ആട്ടവിശേഷത്തിന്റെ സമയത്ത് പേരക്കുട്ടിയുടെ ചോറൂണിനായി എത്തിയ 52കാരിയായ തീര്‍ഥാടകയെ ആക്രമിച്ചുവെന്നതാണ് കേസ്.

അതേസമയം ഒരു കേസില്‍ ജാമ്യം കിട്ടുമെന്ന് ഉറപ്പായപ്പോള്‍ തനിക്കെതിരെ പൊലീസ് മറ്റു കള്ളക്കേസുകള്‍ എടുക്കുകയാണെന്ന് കെ.സുരേന്ദ്രന്‍ ആരോപിച്ചു. പൊലീസ് നടപ്പാക്കുന്നത് രണ്ടു നീതിയാണ്. പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അതിനിടെ, ശബരിമലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം തേടി കെ. സുരേന്ദ്രന്‍ ഇന്ന് പത്തനംതിട്ട സെഷന്‍സ് കോടതിയെ സമീപിക്കും. ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ സന്നിധാനത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന കേസിലാണ് സുരേന്ദ്രന്‍ ജാമ്യാപേക്ഷ നല്‍കുക. ഇതേ കേസില്‍ റാന്നി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.